അതിശൈത്യത്തിൽ വലഞ്ഞ് അമേരിക്ക, 5 മരണം; ജനജീവിതം സ്തംഭിച്ചു

അമേരിക്കയിൽ അതിശൈത്യത്തിൽ അഞ്ച് മരണം. ശൈത്യ കൊടുങ്കാറ്റിനെയും മഞ്ഞുവീഴ്ചയെയും തുടർന്ന് 23 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലാവസ്ഥാ രൂക്ഷസ്ഥിതിയിലായതോടെ വൈദ്യുതി വിതരണവും താറുമാറായി. 10 ലക്ഷം പേർക്ക് വൈദ്യുതി നഷ്ടമായി.
13,000ത്തോളം വിമാനസർവീസുകൾ റദ്ദാക്കി. അരിസോണ സംസ്ഥാനം മുതൽ അമേരിക്കയുടെ പകുതിയിലധികം ഭാഗങ്ങളും അതിശൈത്യത്തിന്റെ പിടിയിലാണ്. ജനജീവിതം സ്തംഭിച്ചു. പ്രധാന റോഡുകളിലെല്ലാം മഞ്ഞുവീഴ്ച തുടരുകയാണ്.
സൗത്ത് കരോലീന, വിർജിനീയ, ടെന്നസി, ജോർജിയ, നോർത്ത് കരോലിന, മേരിലാൻഡ്, അർക്കൻസാസ്, കെന്റകി, ലൂസിയാന, മിസിസിപ്പി, ഇന്ത്യാന, വെസ്റ്റ് വിർജിനിയ എന്നിവിടങ്ങളിൽ അടിയന്തര ദുരന്ത പ്രഖ്യാപനങ്ങൾ അംഗീകരിച്ചു. ലൂസിയാന, മിസിസിപ്പി, ടെന്നസി സംസ്ഥാനങ്ങളിലാണ് ഐസ് വീഴ്ച കൂടുതൽ രൂക്ഷം.
കടുത്ത ശൈത്യം തുടരുന്നതിനാൽ സാധാരണ നിലയിലേക്ക് ജനജീവിതം മടങ്ങാൻ ദിവസങ്ങൾ എടുത്തേക്കും. ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് ജനങ്ങളോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.



