പുരസ്‌കാരം സ്വീകരിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മകൻ

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മകൻ വിഎ അരുൺ കുമാർ. പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. സിപിഎം നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അരുൺ കുമാർ പറഞ്ഞു
അച്ഛന് പത്മവിഭൂഷൺ അംഗീകാരം ലഭിച്ചതിനുള്ള സന്തോഷത്തിലാണ് എല്ലാവരും. ഈ വലിയ അംഗീകാരത്തിന് കുടുംബത്തിന് ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. വിഎസിന് ലഭിക്കുന്ന എല്ലാ അംഗീകാരവും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്
എന്നാൽ പുരസ്‌കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും അരുൺ കുമാർ പറഞ്ഞു. നേരത്തെ വിഎസിന് പത്മവിഭൂഷൺ കിട്ടിയതിനെ സിപിഎം സ്വാഗതം ചെയ്തിരുന്നു. കുടുംബത്തിന്റെ തീരുമാനത്തോടൊപ്പം നിൽക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു



