Kerala
സ്‌റ്റേഷന് മുന്നിൽ വെച്ച് പോലീസുകാരുടെ കൂട്ട മദ്യപാനം; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം കഴക്കൂട്ടത്ത് പോലീസ് സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്‌പെന്റ് ചെയ്തു. ആറുപേർക്ക് എതിരെയാണ് നടപടി. ഡ്യൂട്ടി സമയത്ത് മദ്യപിച്ച പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനമായി.
പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എസ്ഐ ബിനു, അരുൺ, സിപിഒമാരായ അരുൺ, രതീഷ്, മനോജ്, അഖിൽരാജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. വിവാഹ സത്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവർ മദ്യപിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.



