സിപിഎമ്മിന് എല്ലാക്കാലത്തും ഇരട്ടത്താപ്പെന്ന് സതീശൻ; പയ്യന്നൂർ സംഭവം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പയ്യന്നൂർ രക്ഷസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിലാണ് വിമർശനം. എംഎൽഎ ഓഫീസിന് മുന്നിൽ കുറുവടികളുമായി നിന്ന സംഘമാണ് ആക്രമിച്ചത്. വിസിൽ ബ്ലോവർമാരെ സംരക്ഷിക്കുമെന്നതാണ് സിപിഎം നയമെന്നും സതീശൻ ആരോപിച്ചു
ഇവിടെ അഴിമതി ചൂണ്ടിക്കാട്ടിയ വിസിൽ ബ്ലോവറെ നടപടി എടുത്ത് പുറത്താക്കിയരിക്കുന്നു. അധികാര കരുത്തിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിലെ പ്രതിയെ സംരക്ഷിക്കുന്നയാളാണ് അഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി. എങ്ങനെ ആ കസേരയിൽ മുഖ്യമന്ത്രിക്ക് ഇരിക്കാനാകുന്നുവെന്ന് വിഡി സതീശൻ ചോദിച്ചു.
സിപിഎമ്മിന് എല്ലാ കാലത്തും ഇരട്ടത്താപ്പാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞാണ് നോട്ടീസിന് അനുമതി നിഷേധിച്ചത്. സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ച വിഷയം വേറെ എവിടെയാണ് പറയേണ്ടതെന്ന് അദേഹം ചോദിച്ചു. പയ്യന്നൂർ അക്രമം ജനാധിപത്യ കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.



