മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ച പരാമർശം; വിഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രിതപക്ഷ നേതാവ് വിഡി സതീശനെതിരെ നിയമസഭയിൽ അവകാശലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമധ്യത്തിൽ അധിക്ഷേപിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം. സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി നൽകിയത്. മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ ചില പരാമർശങ്ങളാണ് നോട്ടീസിന് ആധാരം
നിയമസഭയിൽ അണ്ടർ വെയർ കാണിച്ച് ഡസ്‌കിന് മുകളിൽ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നത് എന്നായിരുന്നു വിഡി സതീശന്റെ പരിഹാസം. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവൻകുട്ടി യോഗ്യനല്ല. ഇവനൊക്കെ മന്ത്രിയായിരിക്കുമ്പോൾ പഠിക്കുന്ന കുട്ടികളെയാണ് ഓർക്കുന്നതെന്നും സതീശൻ പരിഹസിച്ചിരുന്നു
സതീശന്റെ പരാമർശത്തിനെതിരെ സംസ്ഥാനവ്യാപകമായി വിമർശനമുയർന്നിരുന്നു. വിദ്യാർഥികളടക്കം പ്രതിപക്ഷ നേതാവിന്റെ അധിക്ഷേപ പരാമർശത്തെ തള്ളി രംഗത്തുവന്നിരുന്നു. പിന്നാലെയാണ് അവകാശ ലംഘനത്തിന് സഭയിൽ നോട്ടീസ് വരുന്നത്.



