സൈബർ വിഡ്ഡികൾ വിമർശനം മനസിലാക്കുന്നില്ലെന്ന് സച്ചിദാനന്ദൻ; വിചിത്ര പ്രതികരണമെന്ന് കരിവെള്ളൂർ മുരളി

തുടർ ഭരണത്തിനെതിരെയുള്ള പ്രതികരണത്തിൽ വിവാദം തുടരുന്നതിനിടെ നിലപാട് ആവർത്തിച്ച് കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ സച്ചിദാനന്ദൻ. അദൃശ്യരെയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർഥ ജനാധിപത്യം. മാർക്‌സിസത്തിന് മുന്നോട്ടു പോകാനുള്ള ഏക വഴി ഇതാണ്. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണം. അല്ലാതെ ഉപരി മധ്യവർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുകയാവരുത്
സൈബർ ലോകത്തെ വിഡ്ഡികൾ തന്റെ വിമർശനം എന്താണെന്ന് മനസിലാക്കുന്നില്ല. അവർ എന്നെ വായിച്ചിട്ടില്ല. എന്റെ പോരാട്ടങ്ങൾ അറിയുന്നില്ല. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജിവരെ വിശദമാക്കിയാണ് സച്ചിദാനന്ദന്റെ കുറിപ്പ്.
അതേസമയം സച്ചിദാനന്ദനെതിരെ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി രംഗത്തുവന്നു. സാമന്യയുക്തിക്ക് നിരക്കാത്ത രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ല. സച്ചിദാനന്ദൻ മാഷെയും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായി തീരുകയാണെന്ന് കരിവെള്ളൂർ മുരളി പറഞ്ഞു. വിചിത്രമായ ഒരു പ്രതികരണമായി കേരളം ഇതിനെ കണക്കാക്കുമെന്നും കരിവെള്ളൂർ മുരളി വിശദീകരിച്ചു.


