ജോസ് കെ മാണി മത്സരിക്കുമെന്ന് ആവർത്തിച്ച് റോഷി അഗസ്റ്റിൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. നേരത്തെ പറഞ്ഞത് പെട്ടെന്നുള്ള ചോരത്തിളപ്പിൽ പറഞ്ഞതല്ല. താൻ ഇടുക്കിയിലുണ്ടാകുമെന്നും റോഷി പറഞ്ഞു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇടുക്കി ജനതക്കൊപ്പമാണ്. പിന്നെന്തിന് താൻ ഇടുക്കിയിൽ നിന്ന് മാറി നിൽക്കണം
തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും ഇല്ലെങ്കിലും ഇടുക്കിക്കാർക്കൊപ്പം ഉണ്ടാകും. കേരള കോൺഗ്രസ് നാഥനില്ലാത്ത കളരി അല്ലെന്നും പാർട്ടിക്ക് വേണ്ടത് ലീഡർഷിപ്പാണെന്നും റോഷി പറഞ്ഞു. അതേസമയം താൻ മത്സരിക്കുമെന്ന കാര്യത്തിൽ പോലും ഉറപ്പില്ലെന്നായിരുന്നു ജോസ് കെ മാണി പ്രതികരിച്ചത്
കഴിഞ്ഞ ദിവസം പാർട്ടി ചെയർമാന്റെ മൈക്ക് തട്ടിയെടുത്ത് റോഷി അഗസ്റ്റിൻ ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി ഉയർന്നിരുന്നു. പാർട്ടിയിലെ അധികാര തർക്കത്തിന്റെ ഭാഗമാണോ ഇതെന്ന സംശയമാണ് പലർക്കും



