ശാസ്ത്രീയ പരിശോധനക്കായുള്ള സാമ്പിൾ ശേഖരണം രണ്ടാം ദിനത്തിലും തുടരുന്നു

ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ. എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ് ഐ ടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണപ്പാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്. ഇന്നലെ ശ്രീകോവിലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്
ഇതിന് ശേഷം ദ്വാരപാലക ശിൽപ്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിൾ ഇന്ന് ശേഖരിക്കും. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്‌മെന്റ് വിഭാഗവും എസ്‌ഐടിക്കൊപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ്, കാലപ്പഴക്കം എന്നിവയിൽ വ്യക്തത വരുത്തുകയാണ് പരിശോധനയിലൂടെ എസ് ഐ ടി ലക്ഷ്യമിടുന്നത്
വിശദമായ തെളിവ് ശേഖരണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കും. അതേസമയം കേസിൽ തന്നെ പ്രതി ചേർത്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻ സിഇഎ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.



