Kerala

അനുനയ നീക്കവുമായി സിപിഐഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഐഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഇന്ന് രാത്രിയോടെയാണ് കടകംപള്ളി സുരേന്ദ്രന്‍, പ്രേംകുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ കടകംപള്ളി സുരേന്ദ്രന്‍ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. തനിക്ക് ഇല്ലാത്ത എന്തോ അത്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്ന് പരിഹസിച്ച പ്രേംകുമാര്‍ ചലച്ചിത്ര മേളയുടെയും സിനിമാ അവാര്‍ഡ് നിര്‍ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെ ഒരു വാക്ക് പോലും പറയാതെയാണ് മാറ്റിയതെന്നും പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ഉയര്‍ന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രേംകുമാറുമായി ഫോണില്‍ സംസാരിച്ചു. കെ സി വേണുഗോപാല്‍ നാളെ പ്രേംകുമാറിനെ നേരിട്ട് കാണുമെന്നാണ് വിവരം. ഇതിനിടെയാണ് പ്രേംകുമാറിനെ കാണാനായി കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്.

See also  മാനസിക സംഘർഷം: അരീക്കോട് പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Related Articles

Back to top button