റിവൈസിംഗ് സ്‌ക്രീനിംഗ് മാറ്റി, ഇനി എന്ന് നടക്കുമെന്നതിൽ അനിശ്ചിതത്വം: ജനനായകൻ റിലീസ് നീളുന്നു

വിജയ്‌യുടെ പുതിയ ചിത്രമായ ജനനായകൻ റിലീസ് അനിശ്ചിതമായി നീളുന്നു. ജനുവരി 9നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നും കോടതി നടപടികളെ തുടർന്നും ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. സിനിമക്ക് വീണ്ടും തിരിച്ചടി നേരിട്ടതായാണ് റിപ്പോർട്ട്
സിബിഎഫ്‌സിയുടെ റിവൈസിംഗ് കമ്മിറ്റിയുടെ ഒരു മെയിൽ ജനനായകന്റെ നിർമാതാക്കൾക്ക് ലഭിച്ചിരുന്നു. ഇതുപ്രകാരം മാർച്ച് 9ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കമ്മിറ്റിക്ക് മുമ്പാകെ സിനിമ പ്രദർശിപ്പിക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാൽ സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെ തുടർന്ന് സ്‌ക്രീനിംഗ് മാറ്റിവെച്ചു
ഇനി ചിത്രത്തിന്റെ സ്‌ക്രീനിംഗ് എപ്പോഴാകുമെന്നതിനെ കുറിച്ച് സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റി വിവരം നൽകിയിട്ടുമില്ല. കോടതികളിൽ നിന്ന് തുടർച്ചയായി തിരിച്ചടി നേരിട്ടതിനാൽ സെൻസർ ബോർഡിന് എതിരായ ഹർജി നിർമാതാക്കൾ നേരത്തെ പിൻവലിച്ചിരുന്നു.


