ആരുടെയും വീട്ടിലെ സ്വകാര്യ പരിപാടിയല്ല; പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കേണ്ടതായിരുന്നു: വിഡി സതീശൻ

ദേശീയപാത വികസനം പൂർത്തിയാകുന്നതിന് മുമ്പ് നടക്കുന്ന ഉദ്ഘാടന മാമാങ്കങ്ങൾ വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. നിർമാണത്തിലെ അപാകത മൂലം പലയിടത്തും അപകടങ്ങൾ സംഭവിക്കുന്നുണ്ട്
പണി തീരാത്ത റോഡുകൾ ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഔദ്യോഗിക പരിപാടികളിൽ നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെ ഒഴിവാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെയും സതീശൻ വിമർശിച്ചു. ഇത്തരം പരിപാടികൾ ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങല്ല. പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് ഇവ നടത്തുന്നത്
സംസ്ഥാന മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും ഇത്തരം ചടങ്ങുകളിൽ ക്ഷണിക്കേണ്ടത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്. അത് ചെയ്യാതിരിക്കുന്നത് തെറ്റാണ്. ലോകത്ത് ആദ്യമായാണ് പാറ പൊട്ടിക്കുന്നതിന് പോലും ഒരു ഭരണാധികാരി ഉദ്ഘാടനം നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടും സതീശൻ പരഞ്ഞു.



