ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയിച്ചു; അവകാശവാദവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധം വിജയിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആദ്യ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫലം തീരുമാനിക്കപ്പെട്ടു.ദൗത്യം പൂർത്തീകരിക്കുന്നതു വരെ അമേരിക്കൻ സൈന്യം മധ്യപൂർവേഷ്യയിൽ തുടരുമെന്നും കെന്റക്കിയിലെ ഹെബ്രോണിൽ നടന്ന റാലിയിൽ ട്രംപ് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 58 ഇറാനിയൻ നാവികസേന കപ്പലുകൾ തകർത്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ പുതിയ നേതൃത്വത്തിന് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നുമാണ് പ്രമേയം. ബഹ്‌റൈനാണ് രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളിൽ 13 പേരും പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. റഷ്യ അവതരിപ്പിച്ച ബദൽ പ്രമേയം പരാജയപ്പെട്ടു. യു എൻ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയപ്രേരിതരുമാണെന്ന് ഇറാൻ ആരോപിച്ചു. യുദ്ധം ആരംഭിച്ചതിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും പങ്ക് അംഗീകരിക്കുന്നതിൽ പ്രമേയം പരാജയപ്പെട്ടുവെന്ന് ഇറാന്റെ യു എൻ അംബാസഡർ അമീർ സയീദ് ഇറവാനി വ്യക്തമാക്കി.



