ഇറാഖ് തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാഖ് തീരത്ത് രണ്ട് എണ്ണ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി വാർത്ത. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാഖിലെ പ്രധാന ആഴക്കടൽ തുറമുഖമായ അൽ ഫോയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കൾ നിറച്ച ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. യുഎസ് ഉടമസ്ഥതയിലുള്ള കപ്പലുൾപ്പെടെ രണ്ട് ടാങ്കറുകൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.
യുഎസ് ആസ്ഥാനമായ സഫീസിയ ട്രാൻസ്‌പോർട്ട് ഇൻകോർപറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും മാർഷൽ ഐലൻഡ്‌സ് പതാക വഹിക്കുന്നതുമായ സഫീസിയ വിഷ്ണു, ഗ്രീസ് ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലും മാൾട്ടീസ് പതാക വഹിക്കുന്നതുമായ സെഫിറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇരു കപ്പലുകളിലുമായി 4 ലക്ഷം ബാരൽ എണ്ണ ഉണ്ടായിരുന്നതായാണ് വിവരം
ആക്രമമത്തിന് പിന്നാലെ കപ്പലുകളിൽ വൻ സ്‌ഫോടനവും തീപിടിത്തവുമുണ്ടായി. രണ്ട് കപ്പലുകളിലുണ്ടായിരുന്ന 38 ജീവനക്കാരെ ഇറാഖ് അധികൃതർ രക്ഷപ്പെടുത്തി. ആക്രമണത്തെ തുടർന്ന് ഇറാഖിലെ എണ്ണ ടെർമിനലുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു



