കുറ്റബോധത്തിൽ നിന്ന് പിച്ചും പേയും പറയുകയാണ് ജി സുധാകരൻ; ആരോപണങ്ങൾക്ക് മറുപടിയുമായി സജി ചെറിയാൻ

കൃഷ്ണപ്പിളള സ്മാരകം തകർത്ത സംഭവത്തിൽ മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാർഥിയുമായ ജി സുധാകരൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. ജി സുധാകരൻ ഒരുപാട് മാനസികമായി തളർന്നെന്നും അദ്ദേഹത്തിനെതിരെ താൻ ഇനി പറഞ്ഞാൽ ജി സുധാകരന് വിഭ്രാന്തിയുണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു. കുറ്റബോധത്തിൽ നിന്ന് പിച്ചും പേയും പറയുകയാണെന്നും കുറച്ചുകാലം പാർട്ടിയെ സേവിച്ചതല്ലേ, അതുകൊണ്ട് മറുപടി നൽകുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു.
കൃഷ്ണപിളള സ്മാരകം തകർക്കുന്നതിന്റെ തലേദിവസം വൈകീട്ട് ആറര വരെ ഞാൻ കഞ്ഞിക്കുഴിയിൽ ഉണ്ടായിരുന്നു. കൃഷ്ണപ്പിളള സ്മാരകം തകർത്തത് ഞാൻ പിറ്റേദിവസം രാവിലെ ആറുമണിക്കാണ് അറിയുന്നത്. സംഭവ സ്ഥലത്തുനിന്നും സഖാക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. രാവിലെ എട്ടരയ്ക്കാണ് ഞാൻ സംഭവസ്ഥലത്ത് എത്തുന്നത്.
ഇനി, സംഭവം അറിഞ്ഞ് പാർട്ടി സെക്രട്ടറിയായ ഞാൻ പുലർച്ചെ ചെന്നാൽ തന്നെ എന്താണ് കുഴപ്പം. പാർട്ടി സെക്രട്ടറിയായ എനിക്ക് എപ്പോൾ വേണമെങ്കിലും അവിടെ ചെല്ലാമല്ലോ. യുഡിഎഫ് സർക്കാരിന്റെ പോലീസ് അല്ലേ സംഭവം അന്വേഷിച്ചത്. ചിലരുടെ പേരിൽ കേസെടുത്തു. ഞങ്ങൾ അന്വേഷണത്തിൽ ഇടപെടാനോ എതിർക്കാനോ പോയിട്ടില്ല’ സജി ചെറിയാൻ പറഞ്ഞു.
പുലർച്ചെ ഞാൻ അവിടെ ചെന്നു എന്ന് പറഞ്ഞാൽ അത് അന്ന് അന്വേഷിക്കാമായിരുന്നല്ലോ. പിണറായിയും വിഎസും അന്വേഷണം നടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു’ സജി ചെറിയാൻ പറഞ്ഞു. ജി സുധാകരൻ ഇത്രയും നാൾ എങ്ങനെ കമ്മ്യൂണിസ്റ്റായി ജീവിച്ചു എന്നത് അത്ഭുതമാണെന്നും രക്തസാക്ഷികളെയും പാർട്ടി ഉണ്ടാക്കിയ കൃഷ്ണപ്പിളളയെയും മറന്ന് സുധാകരൻ സംസാരിക്കരുതെന്നും സജി ചെറിയാൻ പറഞ്ഞു.



