Kerala

യേശുദേവന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ദേവാലയങ്ങൾ; ഇന്ന് പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും ഈസ്റ്റർ

പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും വിമോചനത്തിന്റെയും സന്ദേശം ഉയര്‍ത്തി, യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ചുകൊണ്ട് ഈസ്റ്ററിനെ വരവേറ്റ് ക്രൈസ്തവ വിശ്വാസികള്‍. പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാംദിനം ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മയിലാണ് വിശ്വാസികള്‍ ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുന്നത്. അന്‍പത് നോമ്പ് പൂര്‍ത്തിയാക്കിയാണ് ഉയിര്‍പ്പ് തിരുനാളിന്റെ പ്രതീക്ഷാനിര്‍ഭരമായ പുലരിയിലേയ്ക്ക് വിശ്വാസികള്‍ കടന്നിരിക്കുന്നത്.

ഈസ്റ്ററിനോട് അനുബന്ധിച്ച് വിവിധ പള്ളികളില്‍ പുലര്‍ച്ചെ വരെ നീണ്ട പ്രാര്‍ത്ഥനാ ശുശ്രൂഷകളും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളും നടന്നു.സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഈസ്റ്റര്‍ ദിന തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സമാധാനമില്ലാത്ത ലോകത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നതെന്നും ഗള്‍ഫ് മേഖല യുദ്ധത്തിന്റെ മുനമ്പായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥതയുടെ മതിലുകള്‍ പണിയാന്‍ മനുഷ്യന്‍ നടത്തുന്ന ശ്രമത്തിന്റെ പരിണിത ഫലമാണ് കലാപങ്ങള്‍ക്ക് കാരണം. എവിടെയാണോ സ്വാര്‍ത്ഥത പരാജയപ്പെടുന്നത് അവിടെയാണ് സ്വര്‍ഗ്ഗരാജ്യമെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെ പ്രാര്‍ഥനാച്ചടങ്ങുകളില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ ഈസ്റ്റര്‍ സന്ദേശം നല്‍കി. യുദ്ധഭീതിയില്‍ നിന്നും അതിവേഗം ലോകം മുക്തി നേടാന്‍ പ്രാര്‍ഥിക്കണമെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള മലയാളി സഹോദരങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ  ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ സുറിയാനി പള്ളിയിൽ  യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ്  ശ്രേഷ്ഠ കാതോലിക്ക ബാവ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പാമ്പാടി ദയറായിൽ  ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ദിന തിരുകർമ്മങ്ങൾക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ നേതൃത്വം നൽകി.

See also  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button