Kerala

എല്ലാ സീറ്റുകളിലെയും ഫലം പരിശോധിക്കും; ബിജെപി വിജയം വലിയ വിപത്ത്: ബിനോയ് വിശ്വം

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ എല്ലാ സീറ്റുകളെയും ഫലം പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ പരാജയവും വിശദമായി പരിശോധിക്കും. ഇത്തരമൊരു പരാജയം പ്രതീക്ഷിച്ചില്ല. നാദാപുരത്തെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട വിമർശനം പരിശോധിക്കും. മൂന്നിടത്ത് ബി ജെ പി സീറ്റ് നേടിയത് വലിയ വിപത്തായി തന്നെ കാണണം. ഇതിനെ എല്ലാ മതേതരശക്തികളും ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരുവനന്തപുരം കഴക്കൂട്ടത്തും കൊല്ലം ചാത്തന്നൂരിലും എൽഡിഎഫ് വോട്ടുകളിൽ വൻ ചോർച്ച ഉണ്ടായി. വോട്ടുകൾ വ്യാപകമായി ബിജെപിയിലേക്ക് മാറിയെന്നാണ് കണക്കുകൾ. കഴക്കൂട്ടത്ത് പതിനേഴായിരം വോട്ടും ചാത്തന്നൂരിൽ പതിനൊന്നായിരം വോട്ടുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് എൽഡിഎഫിന് കുറഞ്ഞിട്ടുള്ളത്. ചാത്തന്നൂരിലെ തോൽവിയിൽ സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം മറുപടി പറയണമെന്ന് മുതിർന്ന നേതാവ് കെ ഇ ഇസ്മായിൽ ആവശ്യപ്പെട്ടു. എന്നും സിപിഐ വിജയിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ചാത്തന്നൂർ. എന്നാൽ ഇത്തവണ അവിടെ ബിജെപിയാണ് വിജയിച്ചത്.

ജനങ്ങൾ അല്ല തിരുത്തേണ്ടത്, ജനങ്ങളെ ഭരിക്കുന്നവരാണ് തിരുത്തേണ്ടത്. പാർട്ടിയിൽ നിന്നും ജനങ്ങൾ അകന്നു പോയതിന്റെ ലക്ഷണമാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും കെ ഇ ഇസ്മായിൽ വിമർശിച്ചു. പരാജയം ഒരാളുടെ തലയിൽ മാത്രം കെട്ടിവയ്ക്കുന്നത് ശരിയല്ല.പിണറായിയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ട്, അത് പിണറായി തിരുത്തേണ്ടതാണ്. പരാജയത്തിൽ എല്ലാവർക്കും പങ്കുണ്ടെന്നും കെ ഇ ഇസ്മായിൽ പറഞ്ഞു.

See also  മണിപ്പൂർ ഡയറിയുടെ സംവിധായകൻ മോശമായി പെരുമാറി; പരാതിയുമായി കുംഭമേള താരം

Related Articles

Back to top button