Kerala

വനവാസമല്ല, സിംഹാസനം; ജനകീയനായി വിഡി സതീശൻ

കോൺഗ്രസിന്‍റെ പരമ്പരാഗത രീതികൾ പോലും അവഗണിച്ചു കൊണ്ടാണ് ഇത്തവണ ഹൈക്കമാൻഡ് വി.ഡി. സതീശനൊപ്പം നിന്നിരിക്കുന്നത്. പരമ്പരാഗത രീതിയിൽ ജയിച്ചു വന്ന എംഎൽഎമാരിൽ ഭൂരിപക്ഷം പേരും നിർദേശിക്കുന്നയാളാണ് മുഖ്യമന്ത്രിയാകാറുള്ളത്. അങ്ങനെയെങ്കിൽ ഇത്തവണ എംഎൽഎമാർ ഭൂരിപക്ഷവും കെ.സി. വേണുഗോപാലിനൊപ്പമായിരുന്നു. യുഡിഎഫ് അധികാരത്തിലേറുമെന്നുറപ്പായതിനു പിന്നാലെ മുഖ്യമന്ത്രി പദം ഉറപ്പാക്കാൻ കെസി നടത്തിയ നീക്കങ്ങളെല്ലാം കേരളത്തിന്‍റെ പൊതു വികാരത്തിനു മുന്നിൽ തകർന്നടിയുകയായിരുന്നു.

പിണറായി സർക്കാർ വീണ്ടും അധികാരത്തിലേറുമ്പോൾ പ്രതീക്ഷകൾ നഷ്ടപ്പെട്ട് തകർന്നു തരിപ്പണമായ അവസ്ഥയിലായിരുന്നു കോൺഗ്രസും യുഡിഎഫും. അവിടെ നിന്നാണ് നൂറിൽ കൂടുതൽ സീറ്റുകളുമായി ചരിത്രം രചിച്ചു കൊണ്ടുള്ള യുഡിഎഫിന്‍റെയും കോൺഗ്രസിന്‍റെയും ഗംഭീര തിരിച്ചു വരവ്. പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തിരുന്ന് അണികളെ ഒപ്പം നിർത്തി വി.ഡി. സതീശൻ നിലപാടുകൾ കൊണ്ടും പിഴയ്ക്കാത്ത കണക്കുകൾ കൊണ്ടും നെയ്തെടുത്ത സ്വപ്നങ്ങളാണിപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.

നൂറിൽ കൂടുതൽ സീറ്റുകൾ ഉറപ്പെന്ന് പ്രഖ്യാപിച്ച, പരാജയപ്പെട്ടാൽ വനവാസം എന്ന കടുത്ത തീരുമാനം മുന്നോട്ടു വച്ച അതേ ചങ്കൂറ്റം തന്നെയാണ് പാളയത്തിനുള്ളിലെ പടയെ പോലും അതിജീവിച്ച് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ എത്തിച്ചത്. ഓരോ വിജയങ്ങൾക്കും കാരണം ടീം യുഡിഎഫ് എന്ന് ആവർത്തിച്ചു കൊണ്ടാണ് സതീശൻ യുഡിഎഫിന്‍റെയും ഒപ്പം കേരളീയരുടെയും പ്രിയപ്പെട്ട നേതാവായി മാറിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയപ്പോൾ തന്നെ കണക്കുകൂട്ടലുകളൊന്നും പിഴച്ചിട്ടില്ലെന്ന് വിഡി ഉറപ്പിച്ചിരുന്നു. ഇനി വനവാസമില്ല, പകരം മുഖ്യമന്ത്രി പദമാണ് പറവൂരിന്‍റെ നേതാവിന്‍റെ കാത്തിരിക്കുന്നത്. ‌‌

2016ൽ യുഡിഎഫ് തോൽക്കുമെന്ന് സതീശൻ നേതൃത്വത്തെ അറിയിച്ചിരുന്നു. പക്ഷേ 2026ൽ എത്തിയപ്പോൾ സ്ഥിതി മാറി. വിജയം സുനിശ്ചിതമായിരുന്നു. തോറ്റാൽ അല്ലെങ്കിൽ വിജയത്തിന് തിളക്കമില്ലെങ്കിൽ സജീവരാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ച് വനവാസത്തിനു പോകുമെന്നായിരുന്നു സതീശന്‍റെ നിലപാട്. നല്ല കമ്യൂണിസ്റ്റുകാർ യുഡിഎഫിനാണ് വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‌ഖജനാവ് നിറയ്ക്കണം, ആരോഗ്യ കേരളത്തെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റണം, വിദ്യാഭ്യാസ രംഗം കൂടുതൽ ഉന്നതമാക്കണം, യുവാക്കളെ നാട്ടിൽ നിർത്തണം.. അധികാരത്തിലേറുമ്പോൾ വിഡിക്കു മുന്നിൽ ലക്ഷ്യങ്ങൾ ഏറെയാണ്.

See also  പോലീസിൽ രാഷ്ട്രീയ അതിപ്രസരം; തനിക്ക് പോലും നീതി ലഭിച്ചില്ലെന്ന് ആർ. ശ്രീലേഖ

Related Articles

Back to top button