Kerala

ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്ന നിലപാടിൽ മാണി സി കാപ്പന്‍

കൊച്ചി: ടേം വ്യവസ്ഥയില്‍ നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍. അഞ്ച് വര്‍ഷം തന്നെ മന്ത്രി സ്ഥാനം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍. ‘വി ഡി സതീശന്‍ ഇക്കാര്യം പാലായില്‍ എത്തി പ്രസംഗിച്ചിരുന്നു. അങ്ങോട്ടുപോകുന്ന കാറില്‍ ആയിരിക്കില്ല കാപ്പന്‍ തിരികെ വരിക. കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് പറഞ്ഞത്. രമേശ് ചെന്നിത്തലയും സമാനമായി കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിരുന്നു. പറഞ്ഞ വാക്ക് പാലിക്കണം’, എന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. ടീം യുഡിഎഫ് എന്നല്ലേ പറയുന്നത്. താനും അതിന്റെ ഭാഗമല്ലേയെന്നും മാണി സി കാപ്പന്‍ ചോദിച്ചു.

ടേം വ്യവസ്ഥയില്‍ അനൂപ് ജേക്കബും ഉടക്കി നില്‍ക്കുകയാണ്. മാണി സി കാപ്പനും അനൂപ് ജേക്കബിനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് സ്വീകാര്യമല്ലെന്നാണ് ഇരുവരുടെയും പക്ഷം. സിഎംപിക്ക് ഫുള്‍ ടേം നല്‍കുന്നതിലും ഇരുവര്‍ക്കും എതിര്‍പ്പുണ്ട്. ഒറ്റ എംഎല്‍എമാരുള്ള കക്ഷികള്‍ക്ക് തുല്ല്യനീതി വേണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഉറച്ചുനില്‍ക്കുകയാണ്. ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചതെന്നും അനുകൂലമായ തീരുമാനം എടുക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോന്‍സ് ജോസഫ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഏഴ് എംഎല്‍എമാര്‍ വിജയിച്ച സാഹചര്യത്തില്‍ ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചതെന്നാണ് മോന്‍സ് ജോസഫ് വ്യക്തമാക്കിയത്.

കേരള കോണ്‍ഗ്രസ് ജോസഫിന് ഒരു മന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവി നല്‍കാനാണ് നിലവിലെ ധാരണ. രണ്ട് മന്ത്രിസ്ഥാനം കിട്ടുകയാണെങ്കില്‍ മോന്‍സ് ജോസഫിന് പുറമെ അപു ജോസഫോ തോമസ് ഉണ്ണിയാടനോ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവരില്‍ ഒരാളാകും ചീഫ് വിപ്പാകുക. അപുവിനാണ് ചീഫ് വിപ്പ് സ്ഥാനത്തേക്ക് സാധ്യത കൂടുതലുള്ളത്.

See also  ഉച്ചയ്ക്ക് ശേഷം വീണ്ടും വർധനവ്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

Related Articles

Back to top button