Kerala

വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കപ്പെടണം; തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല: കെസി വേണുഗോപാൽ

മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്ന എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദം എഡിറ്റോറിയലിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും തൊട്ടതിനും പിടിച്ചതിനും മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വര്‍ഗീയത പടര്‍ത്തുന്നവര്‍ക്കുള്ള മണ്ണല്ല ഇത്. അത് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

പ്രഗത്ഭരായ മന്ത്രിമാര്‍ വരുമെന്നും യുഡിഎഫിന്റെ ഏറ്റവും മികച്ച ടീം ആണ് നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കും. ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വേണമെന്നത് പാര്‍ട്ടിയുടെ ആഗ്രഹമാണ്. അതനുസരിച്ച് അദ്ദേഹം വന്നു. ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും. ആലപ്പുഴയ്ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കും. തന്റെ പ്രധാന റോള്‍ അതാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി നഷ്ടമായോയെന്ന ചോദ്യത്തിന് നഷ്ടങ്ങളെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.

അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്നായിരുന്നു യോഗനാദത്തിലെ വിമര്‍ശനം. ‘മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല’ എന്ന തലക്കെട്ടില്‍ യോഗനാദം മാനേജിംഗ് എഡിറ്റര്‍ വെള്ളാപ്പള്ളി നടേശനാണ് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് അവരുടെ സമീപനങ്ങളില്‍ നിന്നും മനസ്സിലാകുമെന്നും എഡിറ്റോറിയലില്‍ വിമര്‍ശനം ഉന്നയിക്കുന്നു.

See also  പരാതിക്കാരിയോട് മോശമായി പെരുമാറി; ഗ്രേഡ് എഎസ്ഐയ്ക്ക് സസ്പെൻഷൻ

Related Articles

Back to top button