Kerala

2006 മെയ്18 ന് VSന്‍റെ സത്യപ്രതിജ്ഞ; ഇന്ന് VD സതീശൻ സത്യപ്രതിജ്ഞ: അർത്ഥവത്തായ യാദൃശ്ചികത തോന്നുന്നു

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി ഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. അധികാരം പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്നാണ് ആ കസേരയിലിരുന്ന് വി എസ് അച്യുതാനന്ദന്‍ കാണിച്ചുതന്നതെന്നും വി ഡി സതീശന്റെ ദീര്‍ഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കട്ടെയെന്നും വി എ അരുണ്‍ കുമാര്‍ ആശംസിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 2006 ല്‍ ഇതേ മെയ് 18 നായിരുന്നു വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും അരുണ്‍ സൂചിപ്പിക്കുന്നുണ്ട്.

‘സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയില്‍ മുഴങ്ങിയത്. രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതേ മെയ് 18-ന് വി ഡി സതീശന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അര്‍ത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു’, വെന്നാണ് അരുണ്‍ കുമാര്‍ കുറിച്ചത്.

വി അരുണ്‍ കുമാര്‍ പങ്കുവെച്ച കുറിപ്പ്

ഇന്ന് മെയ് 18. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഒരു തീയതിയാണിത്. കൃത്യം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയില്‍ മുഴങ്ങിയത്.
രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അര്‍ത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി പദവി എന്നത് കേവലം ഒരു പദവിയല്ല, വലിയൊരു ജനതയുടെ പ്രതീക്ഷകളുടെയും അവകാശങ്ങളുടെയും കാവല്‍പ്പുരയാണ്. വിഎസ് എന്ന ഭരണാധികാരി ആ കസേരയിലിരുന്ന് കാണിച്ചുതന്നത്, അധികാരം എന്നത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനുമുള്ള ഉപാധിയാണെന്നാണ്. ആ കസേരയിലേക്ക് പുതിയൊരു ജനവിധിയുടെ കരുത്തുമായി കടന്നുവരുന്ന ശ്രീ. വി.ഡി. സതീശന് ആ ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രംഗത്തെ പക്വതയും ദീര്‍ഘവീക്ഷണവും കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കട്ടെ.
ഈ ചരിത്രദിനത്തില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. നവകേരളത്തിന്റെ പ്രയാണത്തില്‍ ഈ ഭരണം ജനപക്ഷത്തുണ്ടാകട്ടെ

See also  കാസർകോട് വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Related Articles

Back to top button