Kerala

അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എ

കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാറിനെതിരെ ​ഗുരുതരമായ ആരോപണവുമായി വീണ്ടും പിവി അൻവർ എംഎൽഎ. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്ന് ആവർത്തിച്ച പിവി അൻവർ അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണെന്നും ആരോപിച്ചു. എഡിജിപിയെ മാറ്റുമോയെന്ന ചോദ്യത്തിന് നല്ലതിനായി പ്രാർഥിക്കാമെന്നായിരുന്നു പിവി അൻവർ എംഎൽഎയുടെ മറുപടി.

മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും എംആർ അജിത് കുമാർ ഇടപെട്ടിട്ടുണ്ടെന്നും പിവി അൻവർ ആരോപിച്ചു. ഇതിന് തെളിവുകൾ ഉണ്ടെന്നും തെളിവുകൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അൻവർ പറഞ്ഞു. മാമി കൊല്ലപ്പെട്ടുവെന്നാണ് സംശയം. മാമിയെ നേരത്തെ അറിയില്ല. ഇപ്പോൾ രൂപീകരിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അൻവർ പറഞ്ഞു.

അന്വേഷണത്തിന് സിബിഐ വരണമെന്ന ആവശ്യത്തിൽ നിന്നും തൽക്കാലം പിന്മാറാൻ മാമിയുടെ കുടുംബത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. ഇനി രാഷ്ട്രീയ ആരോപണം ഇല്ലെന്നായിരുന്നു പി ശശിക്കെതിരായ ആരോപണത്തിൽ നടപടിയില്ലല്ലോയെന്ന ചോദ്യത്തിന് അൻവറിന്റെ മറുപടി. പോലീസ് അന്വേഷണത്തിലൂടെ മാത്രമാണ് മറുപടിയെന്നും മാമിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പിവി അൻവർ പറഞ്ഞു.

See also  ശബരി റെയില്‍ പദ്ധതി; രണ്ട് ഘട്ടമായി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button