മലയോര മേഖലയിൽ തിളങ്ങി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ; പ്ലസ് ടുവിലും ഉന്നത വിജയം

കൊടിയത്തൂർ: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലത്തിലും കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ മലയോര മേഖലയിൽ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി. പരീക്ഷയിൽ സ്കൂളിൽ നിന്ന് മുപ്പത് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയപ്പോൾ, പതിനഞ്ചുവിദ്യാർത്ഥികൾ അഞ്ച് എ പ്ലസും നേടി മികച്ച നേട്ടം കൈവരിച്ചു.
അക്കാദമിക മികവിനും വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന സ്കൂളിന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ കഠിനാധ്വാനം, അധ്യാപകരുടെ ആത്മാർത്ഥമായ പരിശീലനം, രക്ഷിതാക്കളുടെ പിന്തുണ എന്നിവയുടെ സമന്വയമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
മലയോര മേഖലയിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സ്ഥാനമുള്ള പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിന്റെ ഈ നേട്ടം പ്രദേശവാസികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ഇ എം ഇ എ ജനറൽ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി കെ ബഷീർ , സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പു , പിടിഎ പ്രസിഡണ്ട് ഫസൽ ബാബു , പ്രിൻസിപ്പൽ പിടി ഇസ്മായിൽ , പി.ടി.എ വൈസ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി , എംസ് ബിജു എന്നിവർ അഭിനന്ദിച്ചു.



