Kerala

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു; അന്‍സിബയ്ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസുമായി 'അമ്മ'

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടി അൻസിബ ഹസനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് ‘അമ്മ’ നേതൃത്വം. ഇതിന്റെ ഭാഗമായി നടിക്ക് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകി.

​ജൂൺ 17-നകം നോട്ടീസിന് വ്യക്തമായ മറുപടി നൽകണമെന്നാണ് നിർദ്ദേശം. സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്ന കർശന മുന്നറിയിപ്പും നോട്ടീസിലുണ്ട്.

​തർക്കങ്ങളും ആഭ്യന്തര പ്രശ്നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കുമായിരുന്നിട്ടും, മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രതികരണങ്ങൾ നടത്തി സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കിയെന്നും ചട്ടങ്ങൾ ലംഘിച്ചുവെന്നുമാണ് ‘അമ്മ’യുടെ വിലയിരുത്തൽ.

​തന്റെ രാജിക്ക് പിന്നിൽ നടൻ ടിനി ടോം ആണെന്നും തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയെന്നും അൻസിബ നേരത്തെ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അൻസിബ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ സംഘടനയുടെ ഭാഗത്തുനിന്നും കടുത്ത നീക്കമുണ്ടായിരിക്കുന്നത്. അതേസമയം, അൻസിബയുടെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു.

See also  വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

Related Articles

Back to top button