ടി. വീണയ്ക്ക് വീണ്ടും ഇ.ഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: സി.എം.ആർ.എൽ (CMRL) മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും സമൻസ് അയച്ചു. വരും ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി സോണൽ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ സമയം നീട്ടി ചോദിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ പുതിയ തീയതി നിശ്ചയിച്ച് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.
വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘എക്‌സാലോജിക് സൊല്യൂഷൻസ്’ എന്ന ഐ.ടി കമ്പനിയും കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കമ്പനികൾ തമ്മിൽ യാതൊരുവിധ സേവനങ്ങളും നൽകാതെയാണ് കോടിക്കണക്കിന് രൂപ കൈമാറിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഒൻപതോളം പേർക്ക് ഇ.ഡി ഇതിനകം തന്നെ സമൻസ് അയച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതിന് പിന്നാലെ കേസിൽ അന്വേഷണം ശക്തമാക്കാനാണ് ഇ.ഡിയുടെ നീക്കം.



