Kerala

സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാന്‍ മെന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നാളെ മുതല്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കെയാണ് മെന്‍സ് അസോസിയേഷന്‍.  പ്രതിഷേധത്തിന്‍റെ ഭാഗമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ നിന്നാണ് പണം കൊടുക്കാതെ യാത്ര ചെയ്യാന്‍ മെന്‍സ് അസോസിയേഷന്‍ തയ്യാറെടുക്കുന്നത്. രാവിലെ  സെക്രട്ടറിയേറ്റിന് മുന്‍പിലൂടെ പോകുന്ന ബസിലാണ് സൗജന്യയാത്ര നടത്തുക.  നാലു ആവശ്യങ്ങളാണ് മെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. 

​1. എല്ലാ വിദ്യാര്‍ഥികള്‍ക്കും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ KSRTC യില്‍  സൗജന്യയാത്ര

2.  60 വയസിനു മുകളിലുള്ള എല്ലാ പുരുഷന്‍മാര്‍ക്കും സൗജന്യ യാത്ര ഉറപ്പ് വരുത്തുക 

3. പുരുഷന്‍മാര്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സീറ്റ് സംവരണം നടപ്പിലാക്കാക്കുക

4.  കെഎസ്ആര്‍ടിസി ബസില്‍ ഉയര്‍ന്ന ശമ്പളം  വാങ്ങുന്ന സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കരുത് 

സൗജന്യയാത്ര പദ്ധതി നാളെ മുതല്‍

കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര പദ്ധതി നാളെ നിരത്തുകളില്‍ പ്രാബല്യത്തില്‍വരികയാണ്. പദ്ധതി ആനുകൂല്യം ഏതൊക്കെ ബസുകളില്‍, സൗജന്യം കിട്ടാന്‍ എന്ത് ചെയ്യണം, ചെലവ് എത്ര. അങ്ങനെ അറിയേണ്ടതെല്ലാം ഒന്ന് അറിഞ്ഞാലോ. എട്ട് പതിറ്റാണ്ട് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1938 ഫെബ്രുവരി 20ന് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവായിരിക്കെ സര്‍വീസ് തുടങ്ങിയ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് വകുപ്പ് 1965 ഏപ്രില്‍ ഒന്നിന് കെ.എസ്ആര്‍ടിസിയായി മാറിയത്. കുതിച്ചും കിതച്ചും 90 വര്‍ഷമായി ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി പുതുചരിത്രം കുറിക്കുകയാണ്. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ഇനി സൗജന്യത്തിന്റെ ശുഭയാത്ര.

സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം തികയും മുന്‍പേ ഗ്യാരന്റികളിലെ വമ്പന്‍ ആണ് നടപ്പാക്കപ്പെടുന്നത്. പ്രിയദര്‍ശിനി സൗജന്യയാത്രാപദ്ധതിയുടെ ഒന്നാംഘട്ടം ഓര്‍ഡിനറി ബസുകളിലാണ്. ഓര്‍ഡിനറി ബസുകളില്‍ തന്നെ ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര ലഭിക്കും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഗ്രാമവണ്ടി എന്നിവയിലാണ് ആനുകൂല്യം. സൗജന്യം ലഭിക്കുന്ന ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതിയുടെ സ്റ്റിക്കര്‍ പതിക്കും. അതുകൊണ്ട് കണ്‍ഫ്യൂഷന്‍ വേണ്ട. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെ‍ന്‍ഡറുകള്‍ക്കുമാണ് സൗജന്യയാത്ര. 

ഒരു തിരിച്ചറിയല്‍ കാര്‍ഡും ഇതിനായി നല്‍കേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെ‍ന്‍ഡറുകള്‍ക്കും സൗജന്യമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ഇനി കണ്‍സഷന്‍ കാര്‍ഡും വേണ്ട. സൗജന്യം തന്നെ. പദ്ധതിക്ക് ദൂരപരിധി ഇല്ല. ഓര്‍ഡിനറിയില്‍ യഥേഷ്ടം യാത്ര. പദ്ധതി നടപ്പാക്കുന്നത് വഴി കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 65 മുതല്‍ 70 കോടി രൂപ സര്‍ക്കാര്‍ നല്‍കേണ്ടിവരും. പ്രതിവര്‍ഷക്കണക്ക് നോക്കിയാല്‍ 750-800 കോടി രൂപ വരെവരും. സ്ത്രീകളുടെ വരുമാനത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നതാണ് ഇരട്ടി തിളക്കം. 

പദ്ധതി ചിലവ് സര്‍ക്കാര്‍ വഹിക്കുന്നതിനാല്‍ കെഎസ്ആര്‍ടിസിക്ക് ഇതിലൂടെ പ്രത്യേക നഷ്ടം ഉണ്ടാകുന്നില്ല. വരുമാനം ഉയര്‍ത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ അനുബന്ധമായി ആലോചിക്കുന്നുമുണ്ട്. ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം 1500 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും യാത്ര സൗജന്യമാണെങ്കിലും ടിക്കറ്റ് ഉണ്ട്. അതാണ് സീറോ ടിക്കറ്റ്. പ്രിയദര്‍ശിനി പദ്ധതിയെന്ന് ഇംഗ്ളീഷിലും മലയാളത്തിലും ടിക്കറ്റിലുണ്ടാവും. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റില്‍ ആദ്യമായി മലയാളം അച്ചടിച്ച് വരുന്നതും ഈ പദ്ധതിക്ക് വേണ്ടിയാണെന്ന പ്രത്യേകതയുണ്ട്.

See also  യുഡിഎഫ് 89 സീറ്റ് നേടും, ബേപ്പൂരില്‍ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സര്‍വേയുമായി പി വി അന്‍വര്‍

കെഎസ്ആര്‍ടിസിക്കുള്ളത് 5,675 ബസുകളാണ്. അതില്‍ 3,125 എണ്ണമാണ് ഓര്‍ഡിനറി. മേഖല തിരിച്ചുനോക്കിയാല്‍ വലിയ അന്തരമുണ്ട്. തെക്കന്‍ മേഖലയോട് താരതമ്യം ചെയ്താല്‍ മലബാറില്‍ ബസുകള്‍ കുറവാണ്. ഉദാഹരണത്തിന് ജനസംഖ്യയില്‍ മുന്‍പില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ ആകെയുള്ള ഓര്‍ഡിനറി ബസുകള്‍ 88 എണ്ണം. ഈ അന്തരം പരിഹരിക്കാന്‍ നടപടികളുണ്ടാകുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്.പദ്ധതിയെ വിമര്‍ശിക്കുന്നവരുണ്ടാകും. എന്നാല്‍ ഇത് ഒരു ചരിത്ര ചവുടുവയ്പ്പാണ്. ഓരോ മാസവും പദ്ധതി അവലോകനം ചെയ്യും. KSRTCയുടെ ടിക്കറ്റേതര വരുമാനം ഉയര്‍ത്താനുള്ള നടപടികളും ഒരു വഴിക്ക് നടക്കും. അതിന്റെ പുരോഗതിയനുസരിച്ചാകും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകളിലേക്ക് പദ്ധതി ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുക. മേഖലാടിസ്ഥാനത്തിലെ അന്തരം പരിഹരിക്കാനുള്ള നടപടികളും ഇതിനിടയില്‍ പ്രതീക്ഷിക്കാം.

Related Articles

Back to top button