Kerala

വിദ്യാർഥികളെ ബസിൽ കയറ്റിയില്ല; തൃശൂരിൽ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന വിദ്യാർഥികളെ ബസിൽ കയറ്റാതെ തടയുകയും അപമാനിക്കുകയും ചെയ്ത സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി. വടക്കാഞ്ചേരിയിൽ വെച്ച് വിദ്യാർഥികളോട് മോശമായി പെരുമാറിയ ‘ജോഷി മോൻ’ എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ രാംദാസിന്റെ (രാമദാസ്) ലൈസൻസ് മൂന്ന് മാസത്തേക്കാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചുവരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടിയെടുത്തത്. ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ ഇയാൾക്ക് നിർബന്ധിത ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണമെന്ന നിബന്ധനയും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.

​കഴിഞ്ഞദിവസം വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലായിരുന്നു മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. വടക്കാഞ്ചേരി ക്ലേലിയ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്. സ്കൂൾ സമയത്തിന് ശേഷം വീട്ടിലേക്ക് പോകാനായി കൂട്ടത്തോടെ എത്തിയ കുട്ടികളിൽ നാലോ അഞ്ചോ പേരെ മാത്രമാണ് ബസിനുള്ളിലേക്ക് കയറ്റിയത്. ബാക്കി കുട്ടികളെ കണ്ടക്ടർ കവാടത്തിൽ തടഞ്ഞുനിർത്തുകയായിരുന്നു.

“ഞങ്ങൾക്ക് ഇരിക്കണ്ട, ഒന്നു നിന്നു യാത്ര ചെയ്തോളാം” എന്ന് പറഞ്ഞ് കുട്ടികളിൽ ഒരാൾ കൈകൂപ്പി അപേക്ഷിച്ചിട്ടും കണ്ടക്ടർ വഴങ്ങിയില്ല. “നിങ്ങൾക്ക് ഇരിക്കണോ? സീറ്റ് വേണോ?” എന്ന് ചോദിച്ച് കണ്ടക്ടർ കുട്ടികളെ പരിഹസിക്കുകയും ചെയ്തു.

​സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വലിയ ചർച്ചയായത്. ഇതിന് പിന്നാലെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമായി ഇടപെടുകയായിരുന്നു. ബസ് ഉടമയ്ക്ക് വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരിയിൽ വിദ്യാർഥി സംഘടനകൾ ബസ് തടയുകയും വലിയ രീതിയിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും വിദ്യാർഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

See also  കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി

Related Articles

Back to top button