സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹം; പുത്തൻ ഉണർവേകുമെന്ന് മോഹൻലാൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സിനിമയെ ഒരു ഔദ്യോഗിക വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിന്റെ ചരിത്രപരമായ തീരുമാനത്തെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ഈ സുപ്രധാന തീരുമാനം സിനിമാമേഖലയ്ക്ക് വലിയ രീതിയിലുള്ള ഉണർവും വളർച്ചയും സമ്മാനിക്കുമെന്നുറപ്പാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
ആയിരക്കണക്കിന് വരുന്ന സാധാരണക്കാരായ സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് ഈ പ്രഖ്യാപനം. ഇതിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും മോഹൻലാൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
”പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി.” – മോഹൻലാൽ കുറിച്ചു.
മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മികച്ച പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റിയും ‘ചിത്രനഗരം’ പദ്ധതിയും സ്ഥാപിക്കാൻ 100 കോടി രൂപയാണ് വകയിരുത്തിയത്. ആന്റി പൈറസി സെല്ലുകൾ ശക്തമാക്കാനും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയൊരുക്കാനും ബജറ്റിൽ നിർദേശമുണ്ട്. ചലച്ചിത്ര മേഖലയിലെ ഈ വലിയ മുന്നേറ്റങ്ങൾക്ക് പുറമെ അന്തരിച്ച നടൻ സലിം കുമാറിന്റെ പേരിൽ കൊച്ചിയിൽ സ്മാരകവും തൃശൂരിൽ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമിയും ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.



