തൃശൂരിൽ വാടകവീട്ടിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

തൃശൂർ: നഗരമധ്യത്തിലെ ജനവാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന രഹസ്യ പെൺവാണിഭ കേന്ദ്രത്തിലുണ്ടായ സാമ്പത്തിക തർക്കത്തെത്തുടർന്ന് ഒഡീഷ സ്വദേശിയായ യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയും തൃശൂരിലെ ഹോട്ടൽ തൊഴിലാളിയുമായ ധൻപതി നായിക് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം, ഒഡീഷ സ്വദേശികളായ നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 18-ാം തീയതി വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ തൃശൂർ സ്വരാജ് റൗണ്ടിന് സമീപമുള്ള കോരപ്പത്ത് ലെയിനിലെ വാടകവീട്ടിലാണ് സംഭവം നടന്നത്. ധൻപതി നായികും സുഹൃത്തുക്കളും ഈ കേന്ദ്രത്തിൽ എത്തിയിരുന്നു. തുടർന്ന് അവിടെ നൽകിയ സേവനം മോശമാണെന്ന് ആരോപിച്ച് പണം നൽകാതെ ഇവർ മടങ്ങാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. ഇതോടെ കേന്ദ്രം നടത്തിപ്പുകാരായ സംഘം ഇവരെ തടഞ്ഞുനിർത്തുകയും ഇടിവള ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായി മർദിക്കുകയുമായിരുന്നു.
മർദനമേറ്റ വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ഭയന്ന് ആദ്യരാത്രിയിൽ ഇവർ ചികിത്സ തേടിയില്ല. എന്നാൽ പിറ്റേദിവസം ധൻപതിയുടെ ആരോഗ്യനില വഷളായതോടെ സുഹൃത്തുക്കൾ ഇയാളെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (ജൂൺ 21) രാവിലെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. ധൻപതിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്.
തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ് ഒഡീഷ സ്വദേശിയായ ബിച്ചു നായികിന്റെ നേതൃത്വത്തിൽ ഈ അനാശാസ്യ കേന്ദ്രം നടത്തിവന്നിരുന്നത്. നിലവിൽ അഞ്ചിലധികം പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും മുഖ്യ നടത്തിപ്പുകാരനായ ബിച്ചു നായിക് ഉൾപ്പെടെയുള്ള ചിലർ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടം എന്ന രീതിയിലാണ് നാട്ടുകാർ ഈ വീടിനെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ആർക്കും യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല. നാട്ടുകാരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ കെട്ടിടത്തിന്റെ പുറകു വശത്തെ വഴിയിലൂടെ മാത്രമാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു ഈ കേന്ദ്രത്തിലേക്ക് പ്രവേശനം.



