കെ.കെ മഹേശന്റെ മരണം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് വി.എം സുധീരൻ: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വീണ്ടും കത്ത്

തിരുവനന്തപുരം: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ മുൻ സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യയിൽ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കേസ് അന്വേഷിക്കാൻ അടിയന്തരമായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി വി.ഡി. സതീശനും വീണ്ടും കത്തയച്ചു.
വെള്ളാപ്പള്ളി നടേശൻ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും ഭരണസംവിധാനം ഇനിയും ഉണർന്നു പ്രവർത്തിക്കാൻ വൈകരുതെന്നും സുധീരൻ കത്തിൽ ശക്തമായി ആവശ്യപ്പെട്ടു. ജൂൺ 6-ന് ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മഹേശന്റെ ഭാര്യ ഉഷാദേവി നൽകിയ സങ്കടഹർജി സഹിതമാണ് സുധീരൻ പുതിയ കത്ത് കൈമാറിയത്. മൈക്രോഫിനാൻസ് ഇടപാടുകളിലെ ക്രമക്കേടുകൾ പുറത്തുവന്നപ്പോൾ മഹേശനെ മാത്രം കേസിൽ കുടുക്കാൻ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, എം.എൻ. സോമൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നും ഇവരുടെ ഭീഷണിയാണ് മരണത്തിന് കാരണമായെന്നുമാണ് കുടുംബത്തിന്റെ പരാതി.
കഴിഞ്ഞ ദിവസം കെ.കെ. മഹേശൻ ‘കാൽക്കാശിന് വിലയില്ലാത്തവനാണെന്നും’ വി.എം സുധീരൻ ‘കട്ടപ്പുറത്തിരിക്കുന്ന രാഷ്ട്രീയക്കാരനാണെന്നും’ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനായി സുധീരൻ സമ്മർദ്ദം ശക്തമാക്കിയത്. മുൻ പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയമായ സമീപനം ഈ സർക്കാരിൽ നിന്ന് ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് മഹേശന്റെ കുടുംബമെന്നും സുധീരൻ കത്തിൽ കൂട്ടിച്ചേർത്തു.



