Kerala

തിരുവനന്തപുരം കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്; ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായേക്കും

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യം. നിയമപരമല്ലാതെ സത്യപ്രതിജ്ഞത ചെയ്ത അംഗങ്ങളുടെ വോട്ട് അസാധുവെന്ന് ചൂണ്ടിക്കാട്ടും. കോടതി വിധി എൽഡിഎഫിന് അനുകൂലമായാൽ ബിജെപി ഭരണത്തിന് തന്നെ തിരിച്ചടിയാകും.

ബിജെപി കൌണ്‍സിലർ ആർ.സുഗതന്‍ ജയിലിലായതിനാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും. സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചും കൗൺസിലറായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ടും തിരുവനന്തപുരം മേയർക്കെതിരെ എൽഡിഎഫ് നടത്തിയ ഓഫിസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചിരുന്നു. കയ്യാങ്കളിയില്‍ മേയറെയും മുന്‍മന്ത്രിമാരെയും പ്രതി ചേർത്ത് കേസെടുത്തു. മേയർ ഓഫിസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഉന്തും തള്ളലുമുണ്ടായി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ആക്രമത്തില്‍ പരിക്കേറ്റെന്ന് വി.വി രാജേഷ് പറഞ്ഞു. സംഘര്‍ഷത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥക്കും പരിക്കുണ്ട്.

വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ് അടക്കമുള്ള സിപിഎം നേതാക്കള്‍ നഗരസഭയിലെത്തിയിരുന്നു. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അതേസമയം, മേയറെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു.

അതേസമയം, ആർ. സുഗതനെതിരെ കാപ്പ ചുമത്താനുള്ള നടപടികൾക്ക് സർക്കാർ അംഗീകാരം നൽകി. ആഭ്യന്തരവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചത്. വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സുഗതനെ, ആകാശത്തേക്ക് വെടിവെച്ചാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും കസ്റ്റഡിയിലെടുത്തത്. 2023ലും 2025ലും പൊലീസ് ഇയാളെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതിന് ശേഷവും ക്രിമിനൽ പ്രവർത്തനങ്ങൾ തുടർന്നു എന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

See also  ഒറ്റപ്പാലത്ത് പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേരെ കുത്തി പരുക്കേൽപ്പിച്ചു

Related Articles

Back to top button