പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായേക്കുമെന്ന് സൂചന

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹി-കോഴിക്കോട് വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം. പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ചയെ തുടർന്ന് പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം.
ഡൽഹിയിൽ നടന്ന പാർട്ടി പൊളിറ്റ് ബ്യൂറോ (പിബി) യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന പിണറായി വിജയന് ഉച്ചയ്ക്ക് 2:50-നുള്ള ഇൻഡിഗോ വിമാനമാണ് നഷ്ടമായത്. അദ്ദേഹം കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിൽ എത്തി വിഐപി ലോഞ്ചിൽ വിശ്രമിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് എത്തുന്ന വിവരം കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം വിമാനക്കമ്പനിയെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
തുടർന്ന് ലോഞ്ചിൽ ഇരുന്ന അദ്ദേഹത്തിന് വിമാനത്തിൽ കയറാനുള്ള കൃത്യമായ അറിയിപ്പ് (അനൗൺസ്മെന്റ്) ലഭിക്കാതെ വരികയും യാത്ര മുടങ്ങുകയുമായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ പ്രോട്ടോക്കോൾ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സൂചന.



