Kerala

സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച കേസ്: എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസുകാരെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന കേസില്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദന്‍ ആണ് അറസ്റ്റിലായത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്തേയ്ക്ക് വന്നപ്പോഴാണ് അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ അടക്കം കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ഐഎച്ച്ആര്‍ഡി ഫീസ് വര്‍ധനയ്‌ക്കെതിരെ എസ്എഫ്‌ഐ സംഘടിപ്പിച്ച മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡുപയോഗിച്ച് ആക്രമിച്ചതായി പൊലീസ് ആരോപണം ഉന്നയിച്ചു. അഞ്ചോളം പൊലീസുകാര്‍ക്ക് പരിക്കേറ്റതായും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ പൊലീസ് തങ്ങളെയാണ് ബ്ലേഡുകൊണ്ട് ആക്രമിച്ചതെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും എസ്എഫ്‌ഐ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ബ്ലേഡുപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ആരോപണം വസ്തുതാപരമാണോ എന്നും സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമം അന്വേഷിക്കണമെന്നുമായിരുന്നു എസ്എഫ്‌ഐയുടെ ആവശ്യം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവര്‍ അടക്കം കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മാരകായുധങ്ങള്‍കൊണ്ട് ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, വഴി തടഞ്ഞു തുടങ്ങിയ കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. ബിഎന്‍എസ് 118(1) വകുപ്പും ചുമത്തിയിരുന്നു.

See also  ഉദയംപേരൂരിൽ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; അപകടം കുട്ടികൾ എത്തുന്നതിന് തൊട്ടുമുമ്പ്

Related Articles

Back to top button