Kerala

കെഎസ്ആർടിസിയിൽ സമഗ്ര പരിഷ്കരണം; ഗതാഗത മേഖലയിൽ വമ്പൻ മാറ്റങ്ങളുമായി സർക്കാർ: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സർക്കാരെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സമഗ്രമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസി ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

​കെഎസ്ആർടിസിക്ക് മേൽ അടഞ്ഞുകൂടിയ കാർമേഘങ്ങൾ മാറി പുതിയൊരു സൂര്യോദയത്തിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള ശാശ്വതമായ നടപടികൾ സർക്കാർ സ്വീകരിക്കും. പൊതുഗതാഗതം ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ‘ആയിരം പഞ്ചായത്തുകളിൽ ആയിരം ബസ്സുകൾ’ എന്ന വിപുലമായ പദ്ധതിയും സർക്കാർ ആവിഷ്കരിക്കുന്നുണ്ട്.

​പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുന്നതോടെ റോഡുകളിലെ വാഹനപ്പെരുപ്പം, കടുത്ത ഗതാഗതക്കുരുക്ക്, അന്തരീക്ഷ മലിനീകരണം, റോഡ് അപകടങ്ങൾ എന്നിവ വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

​വനിതകൾക്കും ട്രാൻസ്ജെൻഡർ യാത്രക്കാർക്കുമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ആരംഭിച്ച സൗജന്യ യാത്ര വലിയ വിജയമാണെന്നും, ഇത് യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വകാര്യ ബസുകളെ തകർക്കുകയല്ല സർക്കാരിന്റെ ലക്ഷ്യമെന്നും, പൊതുഗതാഗത രംഗത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കണമെന്നും സി.പി ജോൺ വ്യക്തമാക്കി.

See also  ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഇടക്കാല സ്റ്റേയില്ലെന്ന് ഹൈക്കോടതി

Related Articles

Back to top button