Kerala

ആരോഗ്യവകുപ്പിൽ വൻ അഴിച്ചുപണി; 10 വർഷത്തെ സകല പർച്ചേസുകളും ‘കുടഞ്ഞിട്ട്’ പരിശോധിക്കാൻ മന്ത്രി കെ. മുരളീധരന്റെ കർശന നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന മെഡിക്കൽ ഉപകരണ പർച്ചേസുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ പല സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പെട്ടിപോലും പൊട്ടിക്കാതെയും ഉപയോഗിക്കാതെയും കിടന്ന് നശിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി.

​മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന പ്രത്യേക വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താനും, രണ്ട് ആഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

അന്വേഷണം വിപുലമായ തലങ്ങളിലേക്ക്

​സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും നിലവിലെ അവസ്ഥ, അവയുടെ കമ്മീഷനിംഗ്, ഉപയോഗം, പരിപാലനം എന്നിവ സമിതി വിശദമായി പരിശോധിക്കും.

കൊവിഡ് കാലത്തെ പർച്ചേസുകളും പരിധിയിൽ

​പ്ലാൻ ഫണ്ടുകൾക്ക് പുറമെ, കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY), കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത സകല മെഡിക്കൽ ഉപകരണങ്ങൾ (ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, ജനറേറ്ററുകൾ തുടങ്ങിയവ) എന്നിവയുടെ ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ കൃത്യമായി പരിപാലിക്കാതെ നശിപ്പിച്ചതിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ കൃത്യമായി കണ്ടെത്തി അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

See also  മലപ്പുറത്തെ താറടിക്കാൻ ശ്രമം; മാറുന്ന പിണറായിയുടെ തെളിവാണെന്ന് പിവി അൻവർ

Related Articles

Back to top button