Sports

മെസിയും അർജന്റീനയും പുറത്താകരുതെന്ന് ഫിഫയ്ക്ക് നിർബന്ധമുണ്ടായിരുന്നു; ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് കോച്ച്

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് പൊരുതിത്തോറ്റതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് ടീമിന്റെ മുഖ്യപരിശീലകൻ ഹൊസാം ഹസൻ. സൂപ്പർ താരം ലിയോണൽ മെസിയും അർജന്റീനയും ടൂർണമെന്റിൽ തുടരണമെന്ന് ഫിഫ ആഗ്രഹിച്ചിരുന്നതായും, മത്സരഫലം ബാഹ്യശക്തികളാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും ഹസൻ ആരോപിച്ചു.

​പ്രീ-ക്വാർട്ടറിലെ നാടകീയ പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് അർജന്റീനയോട് പരാജയപ്പെട്ടത്. അവസാന 13 മിനിറ്റിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരത്തിലെ റഫറിയിംഗ് പൂർണ്ണമായും അർജന്റീനയ്ക്ക് അനുകൂലമായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ഹൊസാം ഹസൻ തുറന്നടിച്ചു.

​”നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർത്ഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാർക്കറ്റിംഗ് താൽപര്യങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ടൂർണമെന്റിൽ വേണമെന്നും, മെസി ലോകകപ്പിൽ തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകും.” – ഹൊസാം ഹസൻ വ്യക്തമാക്കുന്നു.

​മത്സരത്തിൽ റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ പല തീരുമാനങ്ങളും ഈജിപ്തിനെ പ്രകോപിപ്പിച്ചു. തങ്ങൾ രണ്ടാം ഗോൾ നേടി മുന്നേറവെ, വാർ (VAR) ഇടപെടലിലൂടെ ആ ഗോൾ റദ്ദാക്കിയതും, പെനാൽറ്റി ബോക്സിൽ വെച്ച് മുഹമ്മദ് സലായെ ഫൗൾ ചെയ്തിട്ടും പെനാൽറ്റി അനുവദിക്കാതിരുന്നതുമാണ് പ്രധാന തർക്കവിഷയമായത്. ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് തൊട്ടുമുമ്പ്, ഈജിപ്ത് താരം ഹംദി ഫാത്തിയുടെ ജേഴ്സി അലക്സിസ് മാക് അലിസ്റ്റർ വലിച്ചു കീറിയിട്ടും റഫറിയോ വാറോ പരിശോധന നടത്താൻ പോലും തയ്യാറായില്ലെന്ന് ഹസൻ കുറ്റപ്പെടുത്തി.

​ഇത് അർജന്റീന ഒട്ടും അർഹിക്കാത്ത വിജയമാണെന്നും, കായികരംഗത്ത് എന്തുകൊണ്ടാണ് നീതിയില്ലാത്തതെന്നും ചോദിച്ച പരിശീലകൻ, ഇനി താൻ നാട്ടിലേക്ക് മടങ്ങുമെന്നും ഈ ലോകകപ്പിലെ ഒരു മത്സരം പോലും കാണില്ലെന്നും കൂട്ടിച്ചേർത്തു.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ രക്ഷിക്കാന്‍ മെസിയെത്തുന്നു; കൂടുമാറ്റത്തിന് തിരക്കിട്ട ശ്രമവുമായി കോച്ച് ഗാര്‍ഡിയോള

Related Articles

Back to top button