മഞ്ഞക്കാർഡ് പിൻവലിക്കില്ല; ലോകകപ്പ് ക്വാർട്ടറിന് മുൻപ് ഫ്രാൻസിന് വൻ തിരിച്ചടി, മൂന്ന് താരങ്ങൾ സസ്പെൻഷൻ ഭീഷണിയിൽ

ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ നേരിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഫ്രഞ്ച് നിരയിൽ ആശങ്കയേറുന്നു. പ്രീക്വാർട്ടറിൽ പരാഗ്വായ്‌ക്കെതിരായ മത്സരത്തിൽ സൂപ്പർതാരം മൈക്കൽ ഒലിസെയ്ക്ക് ലഭിച്ച മഞ്ഞക്കാർഡ് പിൻവലിക്കണമെന്ന ഫ്രാൻസിന്റെ ആവശ്യം ഫിഫ തള്ളി. കളിയിലെ അവസാന നിമിഷങ്ങളിൽ പരാഗ്വായ് താരം മത്തിയാസ് ഗലറാസയുമായുണ്ടായ തർക്കത്തെത്തുടർന്നാണ് ഒലിസെയ്ക്ക് കാർഡ് ലഭിച്ചത്. മഞ്ഞക്കാർഡ് മാറ്റാൻ ഫിഫ തയാറായിട്ടില്ലെന്ന് ഫ്രാൻസ് മാനേജർ ദിദിയർ ദെഷാംപ്സ് സ്ഥിരീകരിച്ചു.
മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ കൂടി മഞ്ഞക്കാർഡ് ലഭിച്ചാൽ ഒലിസെയ്ക്ക് സെമിഫൈനൽ നഷ്ടമാകും. ഒലിസെയ്ക്ക് പുറമെ ടീമിലെ മറ്റ് പ്രധാന താരങ്ങളായ ബ്രാഡ്‌ലി ബർകോള, മനു കോനെ എന്നിവരും നിലവിൽ സസ്പെൻഷൻ ഭീഷണിയിലാണ്. കഴിഞ്ഞ മത്സരത്തിൽ പരാഗ്വായ് താരങ്ങൾ കയ്യാങ്കളിക്ക് തുടക്കമിട്ടിട്ടും ഫ്രാൻസിന് മാത്രം മൂന്ന് മഞ്ഞക്കാർഡ് നൽകിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു.
ക്വാർട്ടർ ഫൈനൽ പൂർത്തിയാകാതെ മഞ്ഞക്കാർഡ് പിൻവലിക്കാൻ സാധിക്കില്ലെന്നും, ഫിഫ പൂർണ്ണമായും തങ്ങളുടെ ചട്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ഫ്രാൻസിനോട് ഒരുവിധ വിവേചനവും കാണിച്ചിട്ടില്ലെന്നും ഫിഫ അധികൃതർ വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കഴിഞ്ഞാൽ മാത്രമേ മഞ്ഞക്കാർഡുകൾ റദ്ദാക്കപ്പെടുകയുള്ളൂ. അനാവശ്യ ഫൗളുകൾ ഒഴിവാക്കിയില്ലെങ്കിൽ വരും മത്സരങ്ങളിൽ ടീമിന് അത് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഫ്രഞ്ച് ആരാധകർ.


