Kerala

കുട്ടികളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: മണ്ണാർക്കാട് നഗരസഭയിലെ അനുമോദന ചടങ്ങിൽ വെച്ച് വിദ്യാർഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് സമർപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വനിത ശിശുക്ഷേമ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കെ.ടി. ജലീൽ തന്റെ തെറ്റ് തിരിച്ചറിയണമെന്നും കുട്ടികളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു.

​മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിജയോത്സവത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിവാദ സംഭവം നടന്നത്. വേദിയിൽ വെച്ച് അക്ഷരത്തെറ്റ് വരുത്തിയ കുട്ടിയെ പരസ്യമായി വിളിച്ച് വരുത്തുകയും ചെവിയിൽ നുള്ളി വേദനിപ്പിക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ എം.എസ്.എഫ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു.

​അതേസമയം, താനൊരു അധ്യാപകനാണെന്നും വിദ്യാർഥികളുമായി സംവദിക്കുന്ന ശീലം തനിക്കുണ്ടെന്നുമാണ് കെ.ടി. ജലീലിന്റെ വിശദീകരണം. കുട്ടികൾക്ക് അറിവുണ്ടെങ്കിലും പൊതുവായന കുറവാണെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നും വേദനിപ്പിക്കാൻ വേണ്ടിയല്ല ചെവിയിൽ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ ഏതെങ്കിലും കുട്ടിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെങ്കിൽ ക്ഷമ ചോദിക്കുമെന്നും, എന്നാൽ കേസ് എടുത്താൽ താൻ ജാമ്യം തേടില്ലെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും കെ.ടി. ജലീൽ വ്യക്തമാക്കി.

See also  വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ മോഷണം; എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Related Articles

Back to top button