കടലെടുക്കാനും ഉരുകാനും കേരളവും തമിഴ്‌നാടും; സമുദ്രനിരപ്പ് ഉയരുമെന്നും കടുത്ത ഉഷ്ണതരംഗമുണ്ടാകുമെന്നും പുതിയ പഠന റിപ്പോർട്ട്

തിരുവനന്തപുരം: വരും വർഷങ്ങളിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തീരപ്രദേശങ്ങളിൽ കടുത്ത പരിസ്ഥിതി-സാമൂഹിക പ്രതിസന്ധികൾക്ക് കാരണമായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് പുതിയ പഠനം. അസിം പ്രേംജി യൂണിവേഴ്‌സിറ്റി പുറത്തുവിട്ട ‘ഇന്ത്യൻ തീരദേശ കാലാവസ്ഥാ പ്രവചനം 2021-2040’ (Indian Coastal Region Climate Projections 2021-2040) എന്ന പഠനറിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
അടുത്ത 15 വർഷത്തിനുള്ളിൽ ഇരു സംസ്ഥാനങ്ങളിലെയും തീരമേഖലകളിൽ സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുകയും കടുത്ത ഉഷ്ണതരംഗം (Heatwaves) അനുഭവപ്പെടുകയും ചെയ്യുമെന്നാണ് പ്രവചനം. കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തീരദേശ ജനജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും ഇത് ബാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗം: മുൻകാലങ്ങളിൽ വേനൽക്കാലത്ത് 3 മുതൽ 5 ദിവസം വരെ മാത്രം നീണ്ടുനിന്നിരുന്ന ഉഷ്ണതരംഗങ്ങൾ വരും വർഷങ്ങളിൽ 8 മുതൽ 9 ദിവസങ്ങൾ വരെ നീണ്ടുനിന്നേക്കാം. ഒരു സീസണിൽ തന്നെ ഒന്നിലധികം തവണ ഇത് ആവർത്തിക്കാനും സാധ്യതയുണ്ട്.
സമുദ്രനിരപ്പ് ഉയരലും തീരശോഷണവും: കടലിലെ താപനില വർദ്ധിക്കുന്നതിനൊപ്പം സമുദ്രനിരപ്പ് ഉയരുന്നത് തീരങ്ങളിൽ കടുത്ത കടലാക്രമണത്തിന് കാരണമാകും. ഇത് ബീച്ചുകൾ ഇല്ലാതാകുന്നതിനും തീരദേശ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയ്ക്കും കാരണമായേക്കാം.
ഭൂഗർഭജലത്തിൽ ഉപ്പുവെള്ളം കയറൽ: സമുദ്രനിരപ്പ് ഉയരുന്നതോടെ തീരപ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം കയറാൻ (Saltwater intrusion) വലിയ സാധ്യതയുണ്ട്. ഇത് കുടിവെള്ള ലഭ്യതയെ ബാധിക്കുന്നതിനൊപ്പം കൃഷിയിടങ്ങളെ നശിപ്പിക്കുകയും ചെയ്യും.
ആരോഗ്യ പ്രതിസന്ധി: അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും ഒത്തുചേരുന്ന ‘വെറ്റ് ബൾബ് താപനില’ (Wet bulb temperature) ഉയരുന്നത് മനുഷ്യശരീരത്തിന് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കും. ഇത് മത്സ്യത്തൊഴിലാളികൾ, കർഷകർ, നിർമ്മാണ തൊഴിലാളികൾ തുടങ്ങിയ കഠിനാധ്വാനം ചെയ്യുന്ന വിഭാഗങ്ങളിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പരിഹാര നിർദ്ദേശങ്ങൾ:
തീരദേശങ്ങളിൽ കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുക, പ്രകൃതിദത്ത പ്രതിരോധ മതിലുകൾ സംരക്ഷിക്കുക, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, പ്രാദേശിക തലത്തിലുള്ള ആസൂത്രണം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പ്രതിസന്ധിയെ നേരിടാൻ പഠനം നിർദ്ദേശിക്കുന്ന പ്രധാന മാർഗ്ഗങ്ങൾ.



