130-ലേറെ സാക്ഷികളുടെ വിസ്താരം പൂർത്തിയായി; വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ് തോമസ് വധക്കേസിന്റെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരിദാസനെ വിസ്തരിക്കുന്നതോടെ കോടതിയിലെ വിചാരണ നടപടികൾ ഏകദേശം പൂർത്തിയാകും.
കേസിൽ ഇതുവരെ 130-ലധികം സാക്ഷികളെയാണ് കോടതി വിശദമായി വിസ്തരിച്ചത്. മുഖ്യപ്രതിയായ ജോളി ജോസഫ് ഉൾപ്പെട്ട ആറ് കൊലപാതക കേസുകളിൽ ഏറ്റവും ആദ്യമായി വിധി വരിക റോയ് തോമസ് വധക്കേസിലായിരിക്കും.
2011 സെപ്റ്റംബറിലാണ് ജോളിയുടെ ആദ്യ ഭർത്താവായിരുന്ന റോയ് തോമസ് സയനൈഡ് ഉള്ളിൽച്ചെന്ന് മരണപ്പെടുന്നത്. കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യമായി വിചാരണ ആരംഭിച്ചതും ഈ കേസിലാണ്. കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിന്റെ നടപടികൾ പുരോഗമിക്കുന്നത്. വിചാരണയുടെ അവസാന ഘട്ട സാക്ഷിവിസ്താരങ്ങൾ പൂർത്തിയാകുന്നതോടെ കേസ് അന്തിമ വാദത്തിലേക്ക് കടക്കും.



