Kerala

കെ.ആർ. അജയനെ ചുമതലയിൽ നിന്ന് മാറ്റി; പകരം ടി. ചന്ദ്രമോഹന് ചുമതല

തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് വഴിവെച്ച ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് ന്യൂസ് എഡിറ്റർ കെ.ആർ. അജയനെ നീക്കി. പകരം മുതിർന്ന മാധ്യമപ്രവർത്തകൻ ടി. ചന്ദ്രമോഹന് വാരാന്തപ്പതിപ്പിന്റെ പുതിയ ചുമതല നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു.

​നാടകപ്രവർത്തകനെക്കുറിച്ചുള്ള ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്ന ഫീച്ചർ ലേഖനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ലേഖനത്തിലെ തലക്കെട്ട് മാറ്റിനൽകാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും, അതിന് തയ്യാറാകാതിരുന്നതും തുടർന്ന് ഞായറാഴ്ച ഇറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പ് വൈകാൻ കാരണമായതുമാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചത്.

​തലക്കെട്ടിൽ പാർട്ടി വിരുദ്ധമായി ഒന്നുമില്ലെന്നും മാറ്റേണ്ടതില്ലെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു കെ.ആർ. അജയൻ. വിഷയത്തിൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് അജയൻ വിശദീകരണം നൽകിയിരുന്നെങ്കിലും, പാർട്ടി നേതൃത്വവും ദേശാഭിമാനി മാനേജ്‌മെന്റും വിശദീകരണത്തിൽ തൃപ്തരായില്ല. സ്ഥാപനത്തിന്റെ അച്ചടക്കം ലംഘിച്ചെന്നും തർക്കങ്ങൾ പുറത്തറിയിച്ച് മാധ്യമവിവാദമാക്കാൻ ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

​തുടർന്നാണ് വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് അജയനെ മാറ്റി ടി. ചന്ദ്രമോഹനെ പുതിയ ചുമതല ഏൽപ്പിച്ചത്. 

See also  കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞു താണു; സർവീസ് റോഡ് തകർന്നു

Related Articles

Back to top button