ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതിചേർത്തു; കോടതിയിൽ റിപ്പോർട്ട് നൽകി അന്വേഷണസംഘം

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമുയർത്തിയ വ്യാജ ‘കാഫിർ’ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതിചേർത്ത് പ്രത്യേക അന്വേഷണസംഘം (SIT) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം ഇതുസംബന്ധിച്ച പുതിയ റിപ്പോർട്ട് നൽകിയത്.
വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഷെയർ ചെയ്ത വ്യക്തികളിൽ ഒരാൾ റിബേഷ് രാമകൃഷ്ണനാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോസ്റ്റ് തയ്യാറാക്കിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി ഫോൺ റീസെറ്റ് ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിൽ റിബേഷ് രാമകൃഷ്ണൻ അടുത്തിടെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. ഇതിനാൽ അന്വേഷണസംഘം നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കും.
കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാക്കളായ ജിതിൻ ഭാസ്‌കർ, അമൽ എന്നിവരെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജിതിൻ നിർമ്മിച്ച വ്യാജ പോസ്റ്റ് റിബേഷിനാണ് ആദ്യം കൈമാറിയതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.



