Kerala

വടകര എംഡിഎംഎ കേസ്; പേരാമ്പ്ര ബി.ആർ.സിയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകര എം.ഡി.എം.എ. കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപിക നീഷ്മയെ കൂടി അറസ്റ്റ് ചെയ്തിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. നേരത്തെ അറസ്റ്റിലായ കീർത്തനയുടെയും കാവ്യയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നീഷ്മയുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്.

ബാങ്ക് അക്കൗണ്ട് പരിശോധനയിൽ നീഷ്‌മയുടെ അക്കൗണ്ടിലേക്കും പണം എത്തിയെന്ന് കണ്ടെത്തി. അധ്യാപികമാർ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണെന്ന് അന്വേഷണസംഘം പറയുന്നു. ലഹരിമാഫിയയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധം സ്ഥാപിച്ചത്. തുടക്കത്തിൽ സ്വന്തം ആവശ്യത്തിന് എം.ഡി.എം.എ വാങ്ങുകയും, പിന്നീട് അധ്യാപകരെന്ന വിശ്വാസ്യത ഉപയോഗപ്പെടുത്തി ലഹരി വിൽപ്പനയുടെ ഇടനിലക്കാരായി മാറുകയുമായിരുന്നു.

ലഹരി വിൽപ്പനയ്ക്ക് കമ്മീഷൻ ലഭിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 50,000 രൂപയുടെ ഇടപാടിന് 3,000 രൂപ കമ്മീഷനെന്ന പ്രതികളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി ഇടപാടുകളിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും, പുതുതായി അറസ്റ്റിലായ അധ്യാപികയുടെ പങ്ക് എത്രത്തോളമാണെന്നും എസ്.ഐ.ടി. വിശദമായി പരിശോധിക്കും. പ്രതികളായ അധ്യാപകരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അനുമതി തേടി സമർപ്പിച്ച കസ്റ്റഡി അപേക്ഷ വടകര എൻ ഡി പി എസ് കോടതി നാളെ പരിഗണിക്കും.

See also  എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോയെന്ന ചോദ്യം; ചിലരുടെ വോട്ട് വേണ്ട എന്ന് പറയില്ല: വി ശിവന്‍കുട്ടി

Related Articles

Back to top button