Kerala

“മലകളുടെയും സ്റ്റെപ്പിയിടെയും നാട് “സഞ്ചാരത്തിന്റെ നോവും, ശമനവും. (മുഹ്സിൻ ബുക്കഫെ)

വടക്കേ മലബാറുകാരുടെ നാട്ടുഭാഷയിൽ ‘സഞ്ചാരം’ എന്നാൽ വേദന എന്നുകൂടിയാണ്. കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും, ആഴമുള്ളൊരു ദർശനം ഇതിലൊളിഞ്ഞുകിടക്കുന്നുണ്ട്. ‘യാത്ര, യാതനയുടെ ഒരു കഷ്ണമാണ്’ എന്ന് പ്രവാചകനും പറഞ്ഞിട്ടുണ്ടല്ലോ. ഉള്ളിലെവിടെയോ നീറുന്ന ഒരു നൊമ്പരം മാറ്റാനാണ് പലപ്പോഴും നമ്മൾ കെട്ടുംകെട്ടി ഇറങ്ങിത്തിരിക്കുന്നത്. എന്നിട്ട് ചെന്നെത്തുന്നതോ, അപരിചിതമായ വഴികളിലെ പുതിയ ചില നോവുകളിലേക്കും! യാത്ര, ഒരേസമയം വേദനയും വേദനാശമനിയുമാണ്. അപരിചിതമായ ദേശങ്ങളിലൂടെയുള്ള അലച്ചിലുകൾ നമ്മുടെ അഹന്തയെ നോവിക്കും, ശീലങ്ങളെ പൊളിച്ചെഴുതും. മുറിവിലൂടെയാണ് നിലാവ് ഉള്ളിലേക്കിറങ്ങുന്നതെന്ന് മൗലാ പാടിയതുപോലെ, യാത്രകളിലെ ഓരോ നോവും നമ്മിലേക്ക് തന്നെയുള്ള ആത്മസഞ്ചാരങ്ങളാണ്.

പല ഭാഷകളും ഈ നോവിനെ പല നിലക്ക് അടയാളപ്പെടുത്തിയിട്ടുണ്ട്. Travel എന്ന വാക്ക്, ഫ്രഞ്ചിലെ Travail (വേദന, കഠിനാധ്വാനം) എന്നതിൽ നിന്ന് ഉത്ഭവിച്ചതാണ്. അതിലും കൗതുകകരമായ മറ്റൊരു സാമ്യമുണ്ട്. അറബിയിൽ യാത്രയ്ക്ക് പറയുന്ന سفر (സഫർ) എന്ന വാക്കിന്റെ ഉച്ചാരണം, ഇംഗ്ലീഷിൽ വേദന അനുഭവിക്കുന്നതിനെ സൂചിപ്പിക്കുന്ന Suffer എന്ന വാക്കിന്റേത് തന്നെയാണ്! ഉത്ഭവം കൊണ്ടും അർഥം കൊണ്ടും ഇവ രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും, യാത്രയുടെ ഉള്ളിലെ ആ യാതനയെ ഈ ശബ്ദസാമ്യം നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.

അറബിയിൽ ‘ശാഫി’ എന്ന വാക്കിന് ശമനം നൽകുന്നവൻ എന്നാണർഥം. പേരിൽ തന്നെയുള്ള ആ സിദ്ധി ശാഫി തന്റെ അലച്ചിലുകളിലേക്കും പകർത്തിയിട്ടുണ്ട്. മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്താൻ, കസാഖിസ്താൻ, കിർഗിസ്താൻ എന്നിവടങ്ങളിലൂടെ ശാഫി നടത്തിയത് വെറുമൊരു വിനോദയാത്രയോ കണ്ടുമറക്കുന്ന പാക്കേജ് ടൂറോ അല്ല; ദേശങ്ങളുടെ ചോരയോട്ടങ്ങളെ തൊട്ടറിയാനുള്ള, സ്വന്തം ആത്മാവിലേക്കുള്ള ഒരന്വേഷണമാണ്.
ഈ യാത്രകളിൽ ശാഫിയുടെ നോട്ടങ്ങൾക്ക് സവിശേഷമായൊരു സൂക്ഷ്മതയുണ്ട്. ആകാശം മുട്ടെ നിൽക്കുന്ന കെട്ടിടങ്ങളുടെ ബാഹ്യസൗന്ദര്യങ്ങളിലേക്കല്ല ആ കണ്ണുകൾ നീളുന്നത്. മറിച്ച്, കാലം മായ്ച്ചുതുടങ്ങിയ ചരിത്രത്തിന്റെ അവശേഷിപ്പുകളിലേക്കും, അധികാരത്തിന്റെ നിരർഥകതകളിലേക്കുമാണ്. ലോകം വെട്ടിപ്പിടിച്ച തിമൂറിന്റെ വാൾത്തലപ്പിൽ നിന്നും രക്ഷപ്പെട്ട വാസ്തുശില്പികളുടെയും പ്രതിഭകളുടെയും വിയർപ്പിലൂടെയാണ് മധ്യേഷ്യയുടെ സൗന്ദര്യം കെട്ടിപ്പടുത്തതെന്ന ചരിത്രപരമായ വൈരുധ്യം ശാഫി വരച്ചുകാട്ടുന്നു. അധികാരം പ്രതിമകൾ സ്ഥാപിക്കുകയും അധികാരനഷ്ടം അവയെ പുഴയിലേക്കെറിയുകയും ചെയ്യുന്ന സോവിയറ്റാനന്തര കാലത്തെ രാഷ്ട്രീയ യാഥാർഥ്യങ്ങൾക്കൊപ്പം, സാമ്രാജ്യങ്ങൾ തകർന്നടിഞ്ഞാലും ചിംഗീസ് ഐത്മാത്തൊവിനെപ്പോലുള്ള പ്രതിഭകൾ മനുഷ്യഹൃദയങ്ങളിൽ എക്കാലവും ജീവിക്കുമെന്ന സത്യവും ഈ അലച്ചിലുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഭാഷയുടെ അതിരുകൾ മായ്ച്ചുകളഞ്ഞ്, അപരിചിതത്വങ്ങളെ സമ്പൂർണമായി ഇല്ലാതാക്കി അവിടുത്തുകാരിലൊരാളായി മാറുന്നൊരു യാത്രികനെയാണ് മലകളുടെയും സ്റ്റെപ്പിയിടെയും നാടിൽ നാം കാണുന്നത്. ബുഖാറയിലെയും സമർഖന്ദിലെയും കാറ്റിൽ ഇപ്പോഴും ബാക്കിയുള്ള സൂഫി ദർശനങ്ങളുടെ മണം യാത്രികൻ തിരിച്ചറിയുന്നതതുകൊണ്ടാണ്. മഞ്ഞുമലകളുടെ നിശ്ശബ്ദതയിലേക്കും അറ്റമില്ലാതെ കിടക്കുന്ന സ്റ്റെപ്പികളുടെ ഏകാന്തതയിലേക്കും നടന്നു കയറുമ്പോൾ, ഒപ്പം കൂട്ടുന്ന ചില മൗനങ്ങളുണ്ട്. അവിടെയൊക്കെയും ഒരു സഞ്ചാരി അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ‘സഞ്ചാരങ്ങളെ’ (വേദനകളെ), ആ നാടിന്റെ ചരിത്രവും അവിടെ കണ്ടുമുട്ടുന്ന മനുഷ്യരുടെ നിഷ്കളങ്കമായ സ്നേഹവും കൊണ്ട് ഈ ‘സുഖപ്പെടുത്തുന്നവൻ’ ഭേദമാക്കുന്നുണ്ട്.

See also  കൊച്ചിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്‌ത്രീയുടെ മൃതദേഹം; സ്ഥലമുടമ പിടിയിൽ

പല നിലങ്ങളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ വ്യത്യസ്തമായ താപനിലകളെ അനുഭവിച്ചറിയുന്നതുപോലെ, സ്വന്തം ഉള്ളിലെ നോവുകൾക്ക് ശമനം തേടുന്നവർക്കും മനുഷ്യരെയും ചരിത്രത്തെയും പ്രണയിക്കുന്നവർക്കും ഈ യാത്രയിൽ പങ്കുചേരാം. തീർച്ചയായും ഇതൊരു നല്ല വേദനസംഹാരി കൂടിയാണ്.

മലകളുടെയും സ്റ്റെപ്പിയുടെയും നാട്
കെ എം ശാഫി / മാതൃഭൂമി ബുക്സ് 
₹ 240

~ മുഹ്സിൻ ബുക്കഫെ

Related Articles

Back to top button