Kerala

തീക്കോയി ശിശുക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; മുമ്പും കുഞ്ഞുങ്ങളെ കടത്തിയെന്ന് പൊലീസിന്റെ സംശയം

കോട്ടയം തീക്കോയിയിലെ ശിശുക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വാഗമൺ സ്വദേശി അനീനയാണ് പിടിയിലായത്. ശിശുക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് അനീനയെന്നാണ് പൊലീസിന്റെ നിഗമനം. അസം സ്വദേശിയായ 22-കാരിയുടെ പരാതിയിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് ഇവർ.

നേരത്തെ പിടിയിലായ അർജുൻ, രാജ എന്നിവരടങ്ങുന്ന സംഘത്തിലെ പ്രധാനിയായിരുന്നു അനീനയെന്ന് പൊലീസ് പറയുന്നു. അസം സ്വദേശിയായ യുവതിയെ തീക്കോയിയിലെ വീട്ടിലെത്തിച്ചതിലും മർദിച്ചതിലും കുഞ്ഞിനെ കൈമാറുന്നതിനുള്ള കരാറിൽ ഒപ്പിടാൻ നിർബന്ധിച്ചതിലും അനീനയ്ക്ക് നിർണായക പങ്കുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.കേസിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പ്രതികൾ മുമ്പും നവജാത ശിശുക്കളെ കടത്തിയിട്ടുണ്ടെന്ന സൂചന അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. നേരത്തെ തമിഴ്നാട് സ്വദേശിക്ക് ഒരു കുഞ്ഞിനെ കൈമാറിയെന്നാണ് വിവരം. മൂന്ന് ലക്ഷം രൂപയ്ക്ക് കുഞ്ഞുങ്ങളെ വാങ്ങി, കുട്ടികളില്ലാത്ത ദമ്പതികൾക്ക് ഉയർന്ന തുകയ്ക്ക് കൈമാറുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് പൊലീസ് പറയുന്നത്. അസം സ്വദേശിയായ യുവതിക്കും മൂന്ന് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്.

സോഷ്യൽ മീഡിയ വഴിയാണ് ഒറ്റപ്പെട്ട് കഴിയുന്ന ഗർഭിണികളെ സംഘം കണ്ടെത്തിയിരുന്നത്. ആശുപത്രിയിലെത്തിക്കുന്നതും പ്രസവശേഷം കുഞ്ഞിനെ ഏറ്റുവാങ്ങുന്നതുമെല്ലാം സംഘത്തിലെ സ്ത്രീകളാണ് ചെയ്തിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് അണ്ഡവിൽപ്പന റാക്കറ്റുമായി ബന്ധമുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ശിശുക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ

See also  ഒരു ദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 680 രൂപ വർധിച്ചു

Related Articles

Back to top button