Kerala

കളക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്താണ് യോഗം നടത്തിയത്; രാജു എബ്രഹാമിന് മറുപടിയുമായി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് മറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ്. കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്താണ് താന്‍ യോഗം നടത്തിയതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പി സി വിഷ്ണുനാഥിന്റെ മറുപടി. താന്‍ കോണ്‍ഗ്രസുകാരുടെ മീറ്റിങ്ങല്ല വിളിച്ച് ചേര്‍ത്തതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

പ്രളയത്തെ നേരിടാന്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തി. പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുണ്ട്. എല്ലാവരും ഒരു ടീമായി നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 1706 കുടുംബങ്ങള്‍ 95 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. സംവിധാനങ്ങളെ അലര്‍ട്ടായി നിര്‍ത്താന്‍ ശ്രമിക്കുന്നു. ഓറഞ്ച് ബുക്കിലെ മാനദണ്ഡങ്ങള്‍ ഇക്കുറിയും പാലിച്ചുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

റാന്നിയിലെ ഒരു വ്യാപാരിക്കും 2018 ല്‍ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. നിലവിലെ സാഹചര്യം രാഷ്ട്രീയം മറന്ന് നേരിടണം. നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഒരു വാര്‍ഡിന് 25000 രൂപ ശുചീകരണത്തിനായി നല്‍കും. ക്യാബിനറ്റ് ചേരുമ്പോള്‍ നഷ്ടപരിഹാര തുക തീരുമാനിക്കുമെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

മഴക്കെടുതിയില്‍ മന്ത്രി പി സി വിഷ്ണുനാഥിനെതിരെ വിമര്‍ശനവുമായി രാജു എബ്രഹാം രംഗത്തെത്തിയിരുന്നു. പേരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഒരു യോഗം നടത്തി പോയതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് രാജു എബ്രഹാം പറഞ്ഞിരുന്നു. ഇന്നലെ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പുലര്‍ച്ചെ നാല് മണി മുതല്‍ ഡിവൈഎഫ്‌ഐ, സിപിഐഎം പ്രവര്‍ത്തകര്‍ എല്ലാ ഭാഗത്തും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ബാധിക്കപ്പെട്ടവരെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്തമേഖലകളില്‍ ഡിവൈഎഫ്ഐ പരിമിതികളില്‍ നിന്ന് ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഇന്നലെ ടൗണില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്തത്. അല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

See also  രണ്ട് ദിവസത്തിന് ശേഷം തിരിച്ചു കയറി സ്വർണവില; പവന് ഇന്ന് 320 രൂപയുടെ വർധനവ്

Related Articles

Back to top button