Kerala

രാത്രി ലഭിച്ചത് അതിതീവ്ര മഴ; പമ്പ നദിയിൽ ജലനിരപ്പ് ഉയർന്നു: മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

പത്തനംതിട്ട: കനത്തമഴ പത്തനംതിട്ടയിലും കോട്ടയത്തുമടക്കം സംസ്ഥാനത്ത്‌ വിവിധ ജില്ലകളിൽ രാത്രിയും പുലർച്ചെയുമായി ലഭിച്ചതോടെ നദികളിൽ ജലനിരപ്പുയർന്നു. പമ്പ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയ‌രുകയാണ്. മിന്നൽ പ്രളയ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ പത്തനംതിട്ടയിൽ പമ്പ നദിയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നത് തീരുമാനം താമസിയാതെയുണ്ടാകും.

വീടുകളിലെ ടെറസ് സുരക്ഷിതമെന്ന് കരുതി ജനം നിൽക്കരുതെന്നും അധികൃതരുമായി ജനങ്ങൾ സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മന്ത്രി പി സി വിഷ്‌ണുനാഥ് ആവശ്യപ്പെട്ടു. റാന്നിയും ആറന്മുളയുമടക്കം വീണ്ടും പ്രളയഭീതിയിലാണ്. റാന്നി മാമുക്ക് കൊച്ചുപാലത്തിൽ വെള്ളംകയറി. അതേസമയം മലങ്കര ഡാമിന്റെ ഷട്ടറുകൾ ഒന്നരമീറ്റർ വരെ ഉയർത്തും എന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ സമീപമുള്ളവർ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. നിറപുത്തരി ചടങ്ങിന് തുറന്ന ശബരിമലയിലേക്ക് ഭക്തർക്ക് ഇന്ന് പ്രവേശനമില്ല.

മണിമ‌ലയാറിൽ നിന്നും വെള്ളംകയറി തുടങ്ങിയതോടെ ചില ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളും വെള്ളപ്പൊക്ക ഭീഷണിയിലായി. കോട്ടയം ജില്ലയിലെ പാല, ഈരാറ്റുപേട്ട ഭാഗങ്ങളിൽ മഴ ശക്തമായി ലഭിച്ചതോടെ മീനച്ചിലാർ വീണ്ടും കരകവിയുമെന്ന ഭീതിയിലാണ്. കുമരകത്തും കിഴക്കൻ വെള്ളത്തിന്റെ അളവ് ശക്തമാണ്. ഇടുക്കി ജില്ലയിൽ ഇടവിട്ടുള്ള മഴയിൽ ജാഗ്രതയിലാണ് ജനങ്ങൾ. ചെറുതോണി-കട്ടപ്പന റോഡിൽ മണ്ണിടിച്ചിലുണ്ടായി. മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നരമീറ്റർ തുറക്കുമെന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം.ഇന്ന് 12 ജില്ലകളിലായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ‌ അവധി പ്രഖ്യാപിച്ചിരുന്നു. 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അവധി നൽകി. ഇന്ന് പുലർച്ചെയോടെ ആലപ്പുഴ ജില്ലയിലും അവധി പ്രഖ്യാപിച്ചു

See also  ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി; കിട്ടിയത് സ്വർണക്കട്ടികളെന്ന് സൂചന

Related Articles

Back to top button