സൗദിയിലെ നജ്‌റാനിൽ ഹൂതി ആക്രമണം: നാലുവയസ്സുകാരനടക്കം 11 പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി പ്രവിശ്യയായ നജ്‌റാനിൽ യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ നാലുവയസ്സുകാരൻ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ജനവാസ മേഖലകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് വ്യാഴാഴ്ചയായിരുന്നു ആക്രമണം.
പരിക്കേറ്റവരിൽ ഏഴ് സൗദി പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ സ്വദേശികളും ഒരു യെമൻ, ഒരു പാകിസ്താൻ പൗരനുമാണുള്ളതെന്ന് അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. സൗദി പൗരന്മാരിൽ ഒരു സ്ത്രീയും രണ്ടാം ഘട്ട പൊള്ളലേറ്റ നാലുവയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.
സാധാരണക്കാർക്ക് നേരെ ഹൂതി മിലിഷ്യകൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സഖ്യസേന കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ആവശ്യമായ ശക്തമായ പ്രതിരോധ നടപടികൾ തുടരുമെന്ന് അറബ് സഖ്യസേന അറിയിച്ചു.
അതേസമയം, നജ്‌റാൻ ആക്രമണത്തിന് തൊട്ടുമുമ്പ് യെമനിലെ മാരിബ്, ഹദ്രമൗത് പ്രവിശ്യകളിലുള്ള സർക്കാർ സൈനിക ക്യാമ്പുകൾക്ക് നേരെയും ഹൂതികൾ ഡ്രോൺ-ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.



