Kerala

ഓണം കളറാക്കിക്കോളീൻ മക്കളേ; സ്‌കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല: നിർദേശവുമായി മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന് മന്ത്രിയുടെ ഉത്തരവ്. ഓഗസ്റ്റ് 21നാണ് ഇത്തവണണ സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്നത്. ഈ ദിനത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

ഇതുസംബന്ധിച്ചുള്ള മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

‘ഓണം കളറാക്കിക്കോളീന്‍ മക്കളെ… സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21 ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.’

ഓണാഘോഷം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചിരുന്നു. പകരം ഓണാവധിക്ക് ശേഷമാകും പരീക്ഷ നടക്കുക. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായതോടെയായിരുന്നു തീരുമാനം. ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും ഓണാവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചത്. ഓണാഘോഷത്തിനിടെ എങ്ങനെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ പരീക്ഷ മാറ്റിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണാഘോഷത്തിന്റെ ഭാഗമാകാം.

ഓഗസ്റ്റ് 22 മുതല്‍ 30 വരെയാണ് സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് കഴിയും. 21നാണ് ഓണാഘോഷം. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് വിദ്യാലയങ്ങള്‍ തുറക്കുക. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ 10 ദിവസം അവധിയില്ല. ഒന്‍പത് ദിവസമേ ഓണം അവധി നല്‍കിയിട്ടുള്ളൂ.

See also  അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം

Related Articles

Back to top button