Kerala

പെട്ടുപോയതാണ്, തെറ്റൊന്നും ചെയ്തിട്ടില്ല; കീർത്തനയെ വിശ്വസിക്കരുത്: ഞാൻ പറയുന്നതാണ് സത്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ രണ്ട് അദ്ധ്യാപികമാരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, നീഷ്മ എന്നിവരെയാണ് രണ്ടുദിവസത്തേക്ക് വടകര എൻഡിപിഎസ് കോടതി (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് കോടതി) കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിവരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്.

അതേസമയം, കേസിലെ പ്രതി കാവ്യ കോടതിയിൽ ഹാജരാക്കവേ താൻ നിരപരാധിയാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ലഹരിക്കേസിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിനാണ് കാവ്യ പ്രതികരിച്ചത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പെട്ടുപോയതാണെന്നുമാണ് കാവ്യ പറഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായ കീർത്തന പറയുന്നതൊന്നും സത്യമല്ലെന്നും അവരെ വിശ്വസിക്കരുതെന്നും കാവ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കൂടുതൽ പ്രതികരണങ്ങൾ തടഞ്ഞുകൊണ്ട് പൊലീസ് കാവ്യയെ കൊണ്ടുപോകുകയായിരുന്നു.

കേസിൽ കാവ്യയടക്കം മൂന്ന് അദ്ധ്യാപികമാരും രണ്ട് പുരുഷന്മാരുമാണ് പൊലീസ് അറസ്റ്റിലായത്. പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപികമാരായ മൂന്നുപേരെയും കേസിൽ ഉൾപ്പെട്ടതോടെ പിരിച്ചുവിട്ടിരുന്നു. അറസ്റ്റിലായ ഇരിട്ടി സ്വദേശിയായ ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസിനാണ് അദ്ധ്യാപികമാർ ലഹരിവിൽപനയിലൂടെ ലഭിച്ച പണം കൈമാറിയിരുന്നത്. കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന നിരവധി ലഹരിക്കേസുകളിൽ പ്രതിയായ ഷിന്റോ ഷിബുവിനെ (22) ഇതുവരെയും പിടികൂടാനായിട്ടില്ല. ഇയാൾ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ആസൂത്രിതമായാണ് ലഹരി കച്ചവടം നടത്തിയിരുന്നതെന്നാണ് സൂചന.

See also  ശബരിമല സ്വർണക്കൊള്ള: ആരെല്ലാം ഭാഗമായോ അവരിലേക്കെല്ലാം അന്വേഷണം എത്തണമെന്ന് ഹൈക്കോടതി

Related Articles

Back to top button