Kerala

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തതല്ല; ചന്ദ്രികയിലെ ലേഖനത്തില്‍ ഒരു ദുരുദ്ദേശ്യവുമില്ല: വിശദീകരണവുമായി കെ.പി.എ മജീദ്

കോഴിക്കോട്: സിപിഐയെ പ്രശംസിച്ചുകൊണ്ടുള്ള ‘ചന്ദ്രിക’ ലേഖനത്തില്‍ വിശദീകരണവുമായി മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ കെ.പി.എ മജീദ്. സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തതല്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു.

സിപിഐയോട് യുഡിഎഫിലേക്ക് വരണമെന്ന് പറയാന്‍ താന്‍ ആളല്ലെന്നും സിപിഐയുടെ അംഗസംഖ്യയിലല്ല കാര്യമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു. മുന്നണിയാകുമ്പോള്‍ ചെറു പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്.

ഞങ്ങടെ കൂടെയായിരുന്നപ്പോള്‍ സിപിഐക്ക് മുഖ്യമന്ത്രി സ്ഥാനം വരെ നല്‍കി. അവര്‍ക്ക് നേരെയുണ്ടാകുന്ന ആക്ഷേപങ്ങള്‍ കണ്ടപ്പോള്‍ അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന സംഘടനയിലെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്കുണ്ടായ സഹതാപവും വേദനയുമാണ് എഴുതിയത്. ലേഖനത്തില്‍ ഒരു ദുരുദ്ദേശ്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐക്ക് വന്ന് ഭവിച്ചിട്ടുള്ള പ്രയാസങ്ങളില്‍ എന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ താത്പര്യമില്ല. സിപിഐ കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ്. യുഡിഎഫിലേക്ക് വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിപിഐയാണ്. അവര്‍ തീരുമാനിക്കുമ്പോള്‍ അല്ലേ യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

‘വലതുപക്ഷ സിപിഎമ്മും സിപിഐയുടെ നിലനില്‍പ്പും’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ചന്ദ്രികയിലെ ലേഖനമാണ് വിവാദമായത്. രാജകല്‍പ്പന അനുസരിക്കാന്‍ മാത്രം അടിമകളാണ് സിപിഐക്കാരെന്ന് രാഷ്ട്രീയത്തെ കുറിച്ച് സാമാന്യബോധമുള്ള ആരും പറയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ.പി.എ മജീദിന്റെ ലേഖനം.

പ്രതിപക്ഷ ഉപനേതൃപദവിയില്‍ രാജകല്‍പ്പന അനുസരിക്കാന്‍ മാത്രം അടിമകളാണ് സിപിഐക്കാരെന്ന് രാഷ്ട്രീയത്തെ കുറിച്ച് സാമാന്യബോധമുള്ള ആരും പറയില്ല. മുസ്‌ലിം ലീഗും സിപിഐയും കോണ്‍ഗ്രസും ഒന്നിച്ചുഭരിച്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലമാണ് കേരള വളര്‍ച്ചയുടെ അടിത്തറ ദൃഢപ്പെടുത്തിയത്. പിണറായിയുടെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ പലതും പൂവണിയാതെ പോവാന്‍ കാരണം സിപിഐയുടെ സാന്നിധ്യം,’ എന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

ഏതെങ്കിലും ഒരു പാര്‍ട്ടിയോ വ്യക്തിയോ വരുന്നതും വരാതിരിക്കുന്നതും ഇപ്പോള്‍ യുഡിഎഫിന് ഭീഷണിയോ ആശങ്കയോ അല്ല. ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്തപക്ഷം സിപിഐക്ക് എല്‍ഡിഎഫില്‍ തുടരുന്നത് ദുഷ്‌കരമാകുമെന്നും മജീദ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരളത്തിലെ യഥാര്‍ത്ഥ ഇടതുപക്ഷം യുഡിഎഫാണെന്ന് നൂറുദിന വിഡിഎസ് ഭരണം വിളിച്ചുപറയുന്നുണ്ട്. എല്‍ഡിഎഫ് എന്ന ലേബല്‍ ഒട്ടിച്ചതുകൊണ്ട് മാത്രം ഇടതുപക്ഷം ആവില്ലെന്ന് സിപിഐക്ക് എങ്കിലും മനസിലാകാതിരിക്കില്ലല്ലോ എന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

See also  കായലോട് യുവതിയുടെ ആത്മഹത‍്യ; പ്രതികൾ വിദേശത്തേക്ക് കടന്നു: ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസ്

Related Articles

Back to top button